പള്‍സറിന്റെ അഭിഭാഷകനും അഴിക്കുള്ളിലാകും

0
114


യുവനടിയെ ഉപദ്രവിച്ച കേസില്‍, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകന്റെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് കോടതിയുടെ പരാമര്‍ശം. അഡ്വ. പ്രതീഷ് ചാക്കോയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ.

കേസില്‍ തന്നെ കുടുക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് പ്രതീഷിന്റെ വാദം. അതേസമയം, നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനു സുനി കൈമാറിയെന്നാണ് പൊലീസ് ഭാഷ്യം. സുനിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതീഷിനെ ഒരു തവണ പൊലീസ് ചോദ്യംചെയ്തുവിട്ടയച്ചിരുന്നു.

ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിനു ലഭിച്ച കൂടുതല്‍ തെളിവുകളുടെ വെളിച്ചത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവുമെന്ന് അന്വേഷണ സംഘം വ്യക്തമായ സൂചന നല്‍കി. സുനിയെ ജില്ലയിലെ ഒരു പ്രതിപക്ഷ എംഎല്‍എ പല തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. എന്തിനു വേണ്ടിയാണു വിളിച്ചതെന്നു കണ്ടെത്താന്‍ എംഎല്‍എയുടെ മൊഴികള്‍ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും.