പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കല്‍ നിബന്ധനകള്‍ കോടതിയിലേക്ക്

0
81

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുന്പേ വിമാനത്താവളത്തിൽ അറിയിക്കണമെന്നതടക്കം കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് നിയമയുദ്ധത്തിലേക്ക്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നിർദേശമയച്ച എയർപോർട്ട് ഹെൽത്ത് ഓഫിസറെ കേന്ദ്ര സർക്കാറിനൊപ്പം രണ്ടാം കക്ഷിയാക്കി, അബൂദബിയിലെ പ്രവാസി മലയാളിയാണ് കേരള ഹൈകോടതിയിൽ ഹരജി നൽകിയത്. ഈ വിജ്ഞാപനത്തിലൂടെ വിദേശത്ത് മരിച്ച ഇന്ത്യൻ പൗരനെ അപകടവസ്തുവായാണ് കണക്കാക്കുന്നതെന്നും ഇത് മരിച്ചയാളുടെ ബന്ധുക്കളെ ഏറെ വേദനിപ്പിക്കുന്നതാണെന്നും അബൂദബി യൂനിവേഴ്‌സൽ ആശുപത്രിയിലെ ഹാനിൽ സജ്ജാദ് സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ഫയൽ ചെയ്യുന്ന ഹരജിയിൽ പറഞ്ഞു. ബുധനാഴ്ച കോടതി വാദം കേൾക്കും.
1954ലെ എയർക്രാഫ്റ്റ് പൊതു ആരോഗ്യ ചട്ടങ്ങളിലെ അപ്രസക്തമായ 43ാം ചട്ടം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിർദേശം വിമാനത്താവളങ്ങളിൽനിന്ന് അയച്ചതെന്ന് ഹരജിയിൽ പറയുന്നു. ഇത് ഭരണഘടനയുടെ 14ഉം 21ഉം അനുഛേദങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഉറ്റവരുടെ മൃതദേഹം ലഭിക്കാൻ 48 മണിക്കൂർ അധികം കാത്തുനിൽക്കേണ്ട സാഹചര്യം ഇതുവഴിയുണ്ടാകും. കോഴിക്കോട് വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുന്നതിന് രണ്ടുദിവസം മുമ്പ് മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെ നാല് രേഖകൾ ഹാജരാക്കണമെന്ന് കരിപ്പൂരിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സാധാരണ മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാലേ യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ എംബാം സർട്ടിഫിക്കറ്റുകൾ ലഭിക്കൂ. അതിനാൽ 48 മണിക്കൂർ മുമ്പ് നാട്ടിലെ വിമാനത്താവളത്തിൽ അവ ഹാജരാക്കാൻ സാധ്യമല്ല. പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി മൃതദേഹങ്ങൾ ഏറ്റെടുക്കാൻ കാർഗോ കമ്പനികൾ വിസമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.