ബോംബേറില്‍ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്, ആർ.എസ്.എസ് കാര്യാലയം കത്തിച്ചു; പയ്യന്നൂരില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

0
147

പയ്യന്നൂർ, രാമന്തളി പ്രദേശങ്ങളിൽ ബി.ജെ.പി-സി.പി.എം സംഘർഷം. ബോംബേറിൽ എട്ടു​ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്ക്. ആർ.എസ്.എസ് ഓഫിസുകൾക്കും പ്രവർത്തകരുടെ സ്ഥാപനങ്ങൾക്കും നേരെ അക്രമം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ രാമന്തളി ഗ്രാമപഞ്ചായത്തിലെ കക്കംപാറയിലാണ് ബോംബേറുണ്ടായത്. ബോംബേറിൽ പരിക്കേറ്റ കാട്ടിക്കുളം സ്വദേശികളായ എൻ.പി.കെ. നജീബ് (17), ടി.പി. അൻസാർ (21), മുഹമ്മദ് അബീബ് (21), എം.പി. സുബൈർ (22), ടി.കെ. ബഷാഹിർ (19), ഷമിൽ (19), എ.എം.പി. മുഹമ്മദ് (20), എം. അഷ്ഫാഖ് (18) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആർ.എസ്.എസ് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സി.വി. ധനരാജിന്റെ ഒന്നാം ചരമവാർഷികാചരണം വൈകീട്ട് കുന്നരു കാരന്താട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ​േകാടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. ഈ പരിപാടിക്ക് വാഹനങ്ങളിൽ വരുകയായിരുന്ന പ്രവർത്തകർക്കുനേരെ കക്കംപാറ കുതിരക്കല്ലിൽവെച്ച് ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. നാലു സ്​റ്റീൽ ബോംബെറിഞ്ഞതായാണ് പൊലീസി​​​​ന്റെ പ്രാഥമിക നിഗമനം.

ഈ സംഭവത്തിനുശേഷമാണ് വൈകീട്ട് ആറോടെ പയ്യന്നൂരിൽ വ്യാപകമായ അക്രമം അരങ്ങേറിയത്. മുകുന്ദ ആശുപത്രിക്കു സമീപത്തെ ആർ.എസ്.എസ് കാര്യാലയവും തൊട്ടടുത്ത ബി.ജെ.പി ഓഫിസും തകർത്തു. ആർ.എസ്.എസ് കാര്യാലയമായ രാഷ്​ട്രമന്ദിരത്തിന് ബോംബെറിഞ്ഞശേഷം തീയിട്ടു. ഉൾഭാഗം പൂർണമായും കത്തി. മുറ്റത്തുണ്ടായിരുന്ന ബൈക്കും അഗ്​നിക്കിരയാക്കി. ടെലിവിഷൻ, സി.സി.ടി.വി കാമറ, മോണിറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഫർണിച്ചറും അടിച്ചുതകർത്തു. അഗ്​നിശമനസേനയെത്തിയാണ് തീയണച്ചത്. തൊട്ടടുത്ത ബി.ജെ.പി ഓഫിസ് പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തി​​​​ന്റെ വാതിലുകളും ജനൽ ഗ്ലാസുകളും തകർത്തു.

കക്കംപാറയിൽ സി.പി.എം ബ്രാഞ്ച്​ സെക്രട്ടറി പി.പി. ജനാർദന​​​​​െൻറയും ആർ.എസ്.എസ് പ്രവർത്തകൻ പ്രസാദി​​​​ന്റെയും വീടുകൾ തകർത്തു. കോറോം നോർത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ പനക്കീൽ ബാലകൃഷ്ണന്റെ വീടിനുനേരെയും ആക്രമണം നടന്നു. കാരയിൽ ആർ.എസ്.എസ് ജില്ല കാര്യവാഹക് രാജേഷി​​​​​ന്റെ വീടിനുനേരെ ആക്രമണം നടന്നു. രാജേഷിന്റെ മൂന്നു​ വാഹനങ്ങൾക്ക് തീയിട്ടു. ഒരു ട്രാവലർ പൂർണമായും കത്തി. ഏച്ചിലാംവയലിലും വീടിന് തീയിട്ടു.

ഇവിടെ തീയണക്കാനെത്തിയ പയ്യന്നൂരിലെയും പെരിങ്ങോത്തേയും അഗ്​നിശമനസേനാ വാഹനങ്ങൾ നൂറോളം വരുന്ന സംഘം ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി അധികൃതർ പറഞ്ഞു. പയ്യന്നൂരിലും കക്കംപാറയിലും അക്രമം പടരാതിക്കാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സി.പി.എമ്മുകാർ കൊലപ്പെടുത്തിയ ബി.എം.എസ് നേതാവ് സി.കെ. രാമചന്ദ്രന്റെ ഒന്നാം ബലിദാനദിനം ഇന്ന് അന്നൂരിൽ നടക്കാനിരിക്കെയാണ് ബോംബേറും തുടർന്നുള്ള സംഘർഷവും അരങ്ങേറിയത്.ഇന്ന് ബിജെപി പയ്യന്നൂര്‍ മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ചൊവ്വാഴ്ച നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി ഹര്‍ത്താല്‍ ആചരിക്കുന്നത്