മിഥാലി രാജിന് ലോകറെക്കോഡ് ; ഏകദിനത്തില്‍ 6000 റണ്‍സ്

0
130

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോകറെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോഡാണ് മിഥാലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. വനിതാ ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റെക്കോഡ് സ്‌കോറിലെത്തിയത്.
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സിന്റെ പേരിലുള്ള റെക്കോഡ് മിഥാലി പഴങ്കഥയായിക്കുകയായിരുന്നു. ഷാര്‍ലെറ്റിന്റെ പേരില്‍ 5992 റണ്‍സാണുണ്ടായിരുന്നത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെ മിഥാലി 6000 റണ്‍സ് മറികടന്നു.

6000 റണ്‍സിലെത്താന്‍ ഷാര്‍ലെറ്റിനേക്കാള്‍ 16 ഇന്നിങ്സ് കുറച്ചാണ് മിഥാലി കളിച്ചതെന്നതും ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോഡിന് ഇരട്ടിമധുരം നല്‍കുന്നു. മിഥാലി 183 മത്സരങ്ങളെടുത്തപ്പോള്‍ ഷാര്‍ലെറ്റ് 191 മത്സരങ്ങളില്‍ നിന്നാണ് 5992ലെത്തിയത്. 4844 റണ്‍സുമായി ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലര്‍ക്കാണ് മൂന്നാമത്.

ബാറ്റിങ് ശരാശരിയുടെ കാര്യത്തിലും മിഥാലി ഏറെ മുന്നിലാണ്. 51.66 ആണ് മിഥാലിയുടെ ശരാശരി. ഷാര്‍ലെറ്റിന്റേത് 38.17ഉം. വനിതാ ക്രിക്കറ്റില്‍ അമ്പതിന് മുകളില്‍ ശരാശരി കണ്ടെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് മിഥാലി. ഓസ്ട്രേലിയയുടെ മെഗ് ലാനിങ്ങാണ് മറ്റൊരു താരം. ഏകദിനത്തില്‍ അഞ്ചു സെഞ്ചുറിയും മിഥാലിയുടെ പേരിലുണ്ട്.