വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു

0
73

വിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോക്ടര്‍ ദമ്പതിമാര്‍ കൊല്ലപ്പെട്ടു. യുഎസ്സിലെ ഒഹിയോയിലാണ് അപകടം നടന്നത്. ആന്ധ്രപ്രദേശിലെ മച്ചിലപട്ടണം സ്വദേശികളായ ഉമാമഹേശ്വര കാലപ്പടപ്പ്(63) സീതാ ഗീത(61) എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇരുവരും മനോരോഗ വിദഗ്ദരാണ്.

ശനിയാഴ്ച രാവിലെ 10.36നും 12.30നും ഇടയിലാണ് സംഭവം. ഈ സമയം വിമാനം ഓടിച്ചിരുന്നത് ഉമാമഹേശ്വരനായിരുന്നു. ഒഹിയോവിലെ ബെര്‍ളി ഗ്രാമത്തിന് സമീപമുള്ള ജലസംഭരണിയില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അപകടകാരണം വ്യക്തമായിട്ടില്ല.

ഇന്ത്യാനയിലെ ലോഗന്‍സ്‌പോര്‍ട്ടില്‍ താമസിക്കുന്ന ഇവര്‍ ലാഗന്‍സ്പോര്‍ട്ട്, ഇന്ത്യാനപൊലിസ്, ഫോര്‍ട്ട് വെയ്ന്‍, ലാഫയെറ്റെ, കൊക്കോമ എന്നിവടങ്ങളില്‍ സ്വന്തമായി ക്ലിനിക്കുകള്‍ നടത്തിവരുന്നു.

അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ ഉമാമഹേശ്വര ഫോട്ടോഗ്രാഫിയില്‍ ഒട്ടേറെ ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.