വിലാപക്കാര്‍ ശ്രദ്ധിക്കുക; ശ്രീറാം പോയിട്ടും മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍  തുടരുന്നു  

0
99

മൂന്നാറിൽ കയ്യേറ്റക്കാരെ വീണ്ടും തുരത്തി: 13 ഏക്കറിലെ കയ്യേറ്റം ഒഴിപ്പിച്ചു

ദേവികുളം സബ്‌ കലക്റ്റര്‍ പോയാല്‍ മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ പാളം തെറ്റുമെന്നു വിലപിച്ചവര്‍ ഒന്ന് ശ്രദ്ധിക്കുക..ഉദ്യോഗസ്ഥന്റെ നയം അല്ല, സര്‍ക്കാര്‍ തീരുമാനപ്രകാരം ആണ് മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടക്കുന്നതെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ശരി വെച്ച് കൊണ്ട് ഒഴിപ്പിക്കല്‍ നടപടികള്‍ അനുസ്യൂതം തുടരുന്നു.ചിന്നക്കനാൽ മുത്തമ്മാൾക്കുടിയിൽ ആദിവാസി പുനരധിവാസ പദ്ധതിക്കായി സർക്കാർ മാറ്റിയിട്ടിരുന്ന 13 ഏക്കർ ഭൂമിയിൽ അവകാശവാദമുന്നയിച്ച് സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽദാർ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണസേന ഒഴിപ്പിച്ചു.

സ്ഥലത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന തകര ഷീറ്റ് മേഞ്ഞ കെട്ടിടവും, ഗെയ്റ്റും പൊളിച്ച് നീക്കി സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. ഭൂമി കയ്യേറ്റത്തിന്റെ പേരിൽ ഇതിനു മുൻപും നിയമനടപടി നേരിട്ടിട്ടുള്ള ചിന്നക്കനാൽ സ്വദേശി വെള്ളൂർക്കുന്നേൽ സക്കറിയ ജോസഫിന്റെ മകൻ ബോബി സക്കറിയയുടെ പേരിൽ വർഷങ്ങൾക്ക് മുൻപ് കല്ല് കയ്യാല കെട്ടി കൈവശപ്പെടുത്തിയ ഭൂമിയാണിത്.
ചിന്നക്കനാൽ വില്ലേജ് ഓഫീസിലെ രേഖകൾ പ്രകാരം സർവ്വെ 82/1ൽ പെട്ട ഭൂമിയാണിത്. 1977ലെ ഭൂ രജിസ്റ്റർ പ്രകാരം ഗ്രാന്റീസ് കൃഷി ചെയ്യുന്നതിനായി വനം വകുപ്പിനു വിട്ടു നൽകിയിരുന്നു. പിന്നീട് റവന്യൂ വകുപ്പ് ആദിവാസികളെ കുടിയിരുത്തുന്നതിനായി തിരിച്ചെടുത്ത് 42 പ്ലോട്ടുകളായി അളന്ന് തിരിച്ചിട്ടു. ഇതിൽ 30 എണ്ണം ആദിവാസികൾക്ക് പതിച്ചു നൽകുകയും ചെയ്തു. അവശേഷിച്ചിരുന്ന 12 പ്ലോട്ടുകളിലാണു സക്കറിയാ ജോസഫ് അവകാശവാദം ഉന്നയിച്ച് അധീനതയിലാക്കിയത്.

കോളനിക്ക് മധ്യത്തിലൂടെ കടന്നു പോകുന്ന റോഡിന്റെ ഇരുപുറവുമായി കിടക്കുന്ന ഭൂമിക്ക് ചുറ്റിലും കല്ലുകയ്യാല നിർമ്മിച്ച് സുരക്ഷിതമാക്കുകയും സ്ഥലത്തിനുള്ളിലേയ്ക്ക് റോഡ് നിർമ്മിച്ച് ഗെയ്റ്റ് സ്ഥാപിക്കുകയും, സിമന്റ് ഇഷ്ടികട്ടകൊണ്ട് കെട്ടി തകര ഷീറ്റുകൾ മേഞ്ഞ് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ആവശ്യമായ സന്നാഹത്തോടെ സ്ഥലത്ത് എത്തിയ റവന്യൂ സംഘം ഗെയ്റ്റ് തകർത്ത് ഉള്ളിൽ കടന്ന് ഭൂസംരക്ഷണ നിയമപ്രകാരം സ്ഥലം ഏറ്റെടുത്ത് കെട്ടിടം പൊളിച്ച് നീക്കുകയായിരുന്നു. കെട്ടിടം സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് സർക്കാർ വക ഭൂമിയാണെന്നു കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു.

മൂന്ന് മണിക്കൂറോളം നീണ്ട ഒഴിപ്പിക്കൽ നടപടികളിൽ ചിന്നക്കനാൽ വില്ലേജ് ഓഫീസർ പവിത്രനും, ദേവികുളം ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്നുള്ള ഭൂസംരക്ഷണ സേനാംഗങ്ങളും ഉണ്ടായിരുന്നു. ചിന്നക്കനാൽ കയ്യേറ്റങ്ങളുടെ പേരിൽ വിവാദത്തിലായിട്ടുള്ള പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ചെറിയ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അത് വകവയ്ക്കാതെയാണു റവന്യൂ സംഘം ഒഴിപ്പിക്കൽ നടത്തിയത്. കയ്യേറ്റമൊഴിപ്പിക്കൽ ശക്തമായി തുടരുമെന്നും, ശാന്തൻപാറയിൽ ഏലപ്പട്ടയഭൂമിയിൽ പണിതുകൊണ്ടിരിക്കുന്ന കൂറ്റൻ കെട്ടിടം ഉൾപ്പെടെയുള്ള എല്ലാ അനധികൃത നിർമ്മാണങ്ങളും വരും ദിവസങ്ങളിൽ ഒഴിപ്പിക്കുമെന്നും ഡെപ്യൂട്ടി തഹസീൽദാർ വ്യക്തമാക്കി.