അറിയാം സാറേ… പ്രബലൻമാരാണ് മറുവശത്ത്…

0
1688

ലോകത്തെ തന്നെ എണ്ണം പറഞ്ഞ കോടീശ്വരൻമാരിൽ ഒരാളായ ലുലു യൂസഫലിയുടെ മരുമകൻ ചെയർമാനായ കൊച്ചി ലേക്‌ഷോർ ആശുപത്രി….

മിഡിൽ ഈസ്റ്റിലെ പ്രബലനായ ആസാദ് മൂപ്പൻ നേതൃത്വം കൊടുക്കുന്ന ആസ്റ്റർ മെഡിസിറ്റി ഉൾപ്പെടെ വിവിധ മിംസ് ആശുപത്രികളും വൈത്തിരിയിലെ ആസ്റ്റർ മെഡിക്കൽ കോളേജും…

മുസ്ലിംവിഭാഗത്തിലെ പ്രമുഖരായ എംഇഎസ് നേതൃത്വം കൊടുക്കുന്ന മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികൾ….

പ്രബലമായ മുസ്ലിം മാനേജ്‌മെന്റുകളുടെ ഉടമയിലുള്ള പെരിന്തൽമണ്ണയിലേത് ഉൾപ്പെടെ മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പ്രശസ്ത ആശുപത്രികൾ …

തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള കിംസ്….

അടുത്തതായി ഹൈന്ദവ വിഭാഗം…

എൻഎസ്സ് എസ്സ് നടത്തുന്ന ആശുപത്രികൾ, എസ്എൻഡിപി നടത്തുന്ന കൊച്ചി ചാലാക്ക മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികൾ… കൊച്ചിയിലെ പ്രമുഖ ആൾദൈവത്തിന്റെ ആശുപത്രി അങ്ങനെയങ്ങനെ…..

ക്രൈസ്തവ സഭകളാണെങ്കിലോ….

കത്തോലിക്കാ സഭകളുടെ ഉടമസ്ഥതയിൽ ഉള്ള കൊച്ചി ലിസി, അങ്കമാലി ലിറ്റിൽ ഫ്‌ളവർ, തിരുവല്ല പുഷ്പഗിരി ഉൾപ്പെടെ നൂറുകണക്കിന് ചെറുതും വലുതുമായ ആശുപത്രികൾ…

യാക്കോബായ സഭയുടെ ഉടമസ്ഥതയിൽ ഉള്ള കോതമംഗലം മാർബസേലിയോസ് ഉൾപ്പെടെ വിവിധ ആശുപത്രികൾ ..

ഓർത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികൾ…

പുതിയ സഭകളായ ബിലീവേഴ്‌സ് ചർച്ച് പോലെയുള്ളവ നടത്തുന്ന മെഡിക്കൽ കോളേജ് പോലെയുള്ള നിരവധി ആശുപത്രികൾ…

ജാതിയും മതവും ഒന്നും നോക്കാത്ത പക്കാ ബിസ്സിനസ്സുകാർ നടത്തുന്ന റിനൈ മെഡിസിറ്റി പോലെയുള്ള നിരവധി ആശുപത്രികൾ….

ഇവർക്കെല്ലാം വലിയ സാമുദായിക, രാഷ്ട്രീയ, മാധ്യമ പിന്തുണ ഉണ്ട്.

പക്ഷേ ഞങ്ങൾക്ക് ഭയമില്ല…
കാരണം ഇതൊരു ജീവൻമരണ പോരാട്ടമാണ്…

ജയിക്കുക അല്ലെങ്കിൽ മരിക്കുക എന്നത് മാത്രമാണ് ഇവിടെ ഞങ്ങളുടെ മുദ്രാവാക്യം…
ഇവിടെ തോൽക്കാൻ ഞങ്ങൾക്ക് മനസ്സില്ല…

തോറ്റാൽ ഇനിയുള്ള ഞങ്ങളുടെ തലമുറകളും തോറ്റുകൊണ്ടിരിക്കും….
അതിനാൽ ജയിക്കാൻ മാത്രമായി ഈ പോരാട്ടം ഞങ്ങൾ ഇവിടെ തുടങ്ങുന്നു….

സൂര്യനസ്തമിക്കാത്ത, ലോകം അടക്കി വാണിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തെ തീർത്തും അഹിംസയിൽ ഊന്നിയ സമരത്തിലൂടെ മേൽവസ്ത്രം പോലും ധരിക്കാത്ത ഒരു പാവം മനുഷ്യന്റെ നിശ്ചയദാർഢ്യം അടിയറവ് പറയിച്ച ചരിത്രം ഞങ്ങൾക്കു മുന്നിൽ ഉണ്ട്….

അതുകൊണ്ട് പണക്കൊഴുപ്പിന് മുന്നിലോ മാധ്യമങ്ങൾ അണിയിച്ചൊരുക്കുന്ന നട്ടാൽ കിളിർക്കാത്ത നുണകളുടെ മുന്നിലോ രാഷ്ട്രീയ, അധികാര സ്വാധീനങ്ങളുടെ മുന്നിലോ ലാത്തിയുടേയും തോക്കുകളുടേയും മുന്നിലോ ഭയപ്പെട്ട് ഞങ്ങൾ പിൻതിരിയും എന്ന് നിങ്ങൾ കരുതരുത്.

ഞങ്ങളുടെ തൂവെള്ള വസ്ത്രമണിഞ്ഞ മേനിയിൽ നിന്നും ഇറ്റുവീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഇവിടെ ഉയർത്തെഴുന്നേൽക്കും…

നഴ്‌സുമാരുടെ രക്തം ഊറ്റിക്കുടിച്ച് അട്ടകളേപ്പോലെ തടിച്ചു വീർത്ത മാനേജ്‌മെന്റുകളും അവർക്ക് ഓശാന പാടുന്ന ഉളുപ്പില്ലാത്ത മാധ്യമങ്ങളും രാഷ്ട്രീയക്കാരും എന്താണ് ചെയ്യുക എന്ന് കാണട്ടേ…

തികച്ചും ഗാന്ധിമാർഗ്ഗത്തിൽ യാതൊരക്രമവും കാണിക്കാതെ ഒരു പ്രകോപനത്തിലും വീഴാതെ ഞങ്ങളീ ധർമ്മസമരം തുടരും…

ഇത് വിജയിക്കേണ്ടത് ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മലയാളി നഴ്‌സ് സമൂഹത്തിന്റെ ആവശ്യമാണ്… അവരുടെയെല്ലാം പ്രാർത്ഥനകൾ ഞങ്ങൾക്കൊപ്പമുണ്ട്….

ശ്രീ ജാസ്മിൻഷാ നയിക്കുന്ന ഈ മുല്ലപ്പൂ വിപ്ലവം വിജയം കാണാതെ ഒടുങ്ങില്ല….

‘ഇവിടെ ഞങ്ങൾ തോൽക്കുകില്ല, തോൽക്കുകില്ല നിശ്ചയം ഇവിടെ ഞങ്ങൾ ശത്രുവിന്റെ കോട്ടകൾ തകർത്തിടും. ഇവിടെ ഞങ്ങൾ തോൽക്കുകില്ല തോൽക്കുകില്ല നിശ്ചയം, ഇവിടെ ഞങ്ങൾ മർദ്ദകന്റെ കോട്ടകൾ തകർത്തിടും ‘

പ്രിയസമരസഖാക്കൾക്ക് വിജയാശംസകളോടെ…
സുധീർ