ആശുപത്രികൾ അടച്ചിടില്ലെന്നു സിപിഎച്ച്എ

0
85

കൊച്ചി: ഏതു പ്രതിസന്ധിയിലും ആശുപത്രികൾ അടച്ചിടില്ലെന്നു കോൺഫെഡറേഷൻ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ (സിപിഎച്ച്എ). തിങ്കളാഴ്ച ചില ആശുപത്രി മാനേജ്‌മെൻറുകൾ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിനോട് അസോസിയേഷനു യോജിപ്പില്ല. പൊതുസമൂഹത്തിൻറെ ആരോഗ്യ സംരക്ഷണത്തിനു കടപ്പാടുള്ള ആശുപത്രികൾ എന്ന നിലയിൽ ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും സിപിഎച്ച്എ ചെയർമാനും എറണാകുളം ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, കോ ഓർഡിനേറ്റർ ഡോ. മുഹമ്മദ് റഷീദ്, ഹുസൈൻ കോയ തങ്ങൾ, ഫാ. ഷൈജു തോപ്പിൽ എന്നിവർ വ്യക്തമാക്കി.
നഴ്‌സുമാരുടെ വേതനം സംബന്ധിച്ചു സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനം ആശുപത്രികൾ അംഗീകരിക്കുന്നു. എന്നാൽ ഇതിൽ ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. 20നു മിനിമം വേജസ് റിവിഷൻ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ വ്യക്തയുണ്ടാകുമെന്നാണു പ്രതീക്ഷ. ഒരു വിഭാഗം നഴ്‌സുമാർ 20 മുതൽ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സമരാഹ്വാനം പിൻവലിക്കണമെന്നും കൊച്ചിയിൽ ചേർന്ന അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ ആശുപത്രി മാനേജ്‌മെൻറുകളും ഉൾപ്പെടുന്ന ആറു സംഘടനകളുടെ ഏകോപന വേദിയണു സിപിഎച്ച്എ.