ഈ മരത്തിനായി സര്‍ക്കാര്‍ വര്‍ഷം തോറും ചിലവാക്കുന്നത് 12 ലക്ഷം

0
85

മധ്യപ്രദേശ് സര്‍ക്കാര്‍ ഈ മരത്തിന്റെ സംരക്ഷണത്തിനായി ഒരു വര്‍ഷം ചിലവാക്കുന്നത് 12 ലക്ഷം രൂപ. ബോധി വൃക്ഷത്തിന്റെ സംരക്ഷണത്തിനും ജലസേചനത്തിനുമായാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിക്കുന്നത്. കൂടാതെ ഈ മരത്തിന്റെ സംരക്ഷണത്തിനായി നാല് ഗാര്‍ഡുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

സാഞ്ചി ബുദ്ധവിഹാരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സാല്‍മത്പുറിയിലാണ് ഈ മരം. ശ്രീലങ്കര്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സേയാണ് സ്വന്തം രാജ്യത്തുനിന്നും ഈ മരത്തിന്റെ തൈ ഇവിടെ കൊണ്ടു നട്ടത്. ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. അദ്ദേഹം തന്നെയായിരുന്നു ഈ ബോധി വൃക്ഷത്തൈ ഇവിടെ നട്ടുപിടിപ്പിച്ചതും. മരം നനയ്ക്കാനുള്ള വെള്ളത്തിനായി അടുത്തുതന്നെ ഒരു ജലസംഭരണിയും അദ്ദേഹം ക്രമീകരിച്ചു. കൂടാതെ എല്ലാ ആഴ്ചകളിലും മരത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് കാര്‍ഷിക വകുപ്പിലെ ഒരു സസ്യശാസത്രജ്ഞന്‍ എത്തുകയും ചെയ്യുന്നു.

മരം നില്‍ക്കുന്ന കുന്നുള്‍പ്പെടെയുള്ള മേഖല ബുദ്ധ സര്‍വകലാശാലക്കായി മാറ്റിവെച്ചിരിക്കുകയാണ്. എന്നാല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മധ്യപ്രദേശില്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഈ തുക വിനിയോഗിക്കാവുന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ബിസി മൂന്നാം നൂറ്റാണ്ടില്‍ ബുദ്ധന് ബോധോദയം ലഭിച്ച ബോധി വ്യക്ഷത്തിന്റെ ഒരു ശാഖ ശ്രീലങ്കയിലേക്ക് കൊണ്ടുപോകുകയും അനുകരാധപുരയില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തുവെന്ന് ഈ വൃക്ഷത്തിന് പിന്നിലുള്ള സങ്കല്പത്തെക്കുറിച്ച് സാഞ്ചിയിലെ മഹാബോധി സൊസൈറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.