ഐടി ജോലിയിൽ സ്ഥിരതയില്ല; യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

0
115

പൂണെ: ഐടി ജോലിയിൽ സ്ഥിരതയില്ലെന്ന് പറഞ്ഞ് യുവ സോഫ്റ്റ് വെയർ എഞ്ചിനിയർ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുർഗാപ്രസാദിനെ(25)യാണ് ബുധനാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഹോട്ടലിനു മുകളിൽ നിന്നു ചാടി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്.

ദുർഗാ പ്രസാദ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള കുറിപ്പിൽ ‘ഐ.ടിയിൽ യാതൊരു ജോലി സുരക്ഷയുമില്ല. എന്റെ കുടുംബത്തെ ഓർത്ത് ഞാൻ ദുഖിതനാണ്’ എന്നാണ് എഴുതിയിരിക്കുന്നത്.

അടുത്തിടെയാണ് ഇയാൾ ഡൽഹിയിലെ ജോലി ഉപേക്ഷിച്ച് പൂനെയിൽ എത്തിയത്.  ആത്മഹത്യാക്കുറിപ്പ് എഴുതിയതിനൊപ്പം തന്റെ ഇടങ്കയ്യിൽ കത്തികൊണ്ട് 25 മുറിവുകളും ദുർഗാ പ്രസാദ് ഉണ്ടാക്കിയിട്ടുണ്ട്. അതിൽ മരണം സംഭവിക്കാതായതോടെയാണ് നാലു നിലകളുള്ള ഹോട്ടലിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയത്.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഹോട്ടൽ മാനേജർ ഇക്കാര്യം വിളിച്ച് പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. ദുർഗയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.