ഐ.എസില്‍ നിന്നു വിട്ടുപോരുന്നവര്‍ക്കായി എന്‍.ഐ.എ വലവിരിക്കുന്നു

0
97

ഇറാഖിലെ  മൊസൂളിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന്  ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്വദേശി അറസ്റ്റിലായതോടെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ സംശയം ബലപ്പെട്ടത്.

ഇതനുസരിച്ച് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗങ്ങളോട് പരിശോധന കര്‍ശനമാക്കാന്‍ ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശം നല്‍കി. ഐ.എസില്‍ ചേരാനായി രാജ്യംവിട്ടതായി കരുതുന്ന ആളുകളുടെ വിവരങ്ങളും എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 183 മലയാളികളുടെ പേരുവിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറിയിരിക്കുന്നത്. ഇതില്‍ 95 പേര്‍ അഫ്ഗാനിലെ നാംഗര്‍ഹാറിലും ശേഷിക്കുന്നവര്‍ ഇറാഖ്, സിറിയ, ലെബനന്‍ എന്നിവിടങ്ങളിലുമാണെന്നാണ് കരുതുന്നത്.

പട്ടികയിലുള്‍പ്പെട്ട 79 പേര്‍ ഇപ്പോഴും ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരില്‍ 88 പേര്‍ കാസര്‍കോട് ജില്ലക്കാരും 33 പേര്‍ കണ്ണൂരുകാരും 28 പേര്‍ മലപ്പുറത്തുകാരുമാണ്. കോഴിക്കോട്ടുനിന്നുള്ള 19 പേരും കൊല്ലത്തുനിന്നുള്ള ആറുപേരും പാലക്കാട്ടുനിന്നുള്ള അഞ്ചുപേരും ഇക്കൂട്ടത്തിലുണ്ട്. ഗള്‍ഫിലെത്തിയശേഷം കാണാതായവരുടെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ലിസ്റ്റ്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് തങ്ങള്‍ക്കുകീഴിലുള്ള വിമാനത്താവള എമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്ക് ഐ.ബി. റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. അതേസമയം യു.എ.ഇ, സൗദി അറേബ്യ, തുര്‍ക്കി, ഇറാന്‍ എന്നിവിടങ്ങളിലെ എംബസികള്‍ക്ക് പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നതില്‍ കര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടമായതായിക്കാണിച്ച് യാത്രാരേഖകള്‍ക്ക് സമീപിക്കുന്നവരുടെ കാര്യത്തില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഐ.എസ്. നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐ.എസില്‍ചേര്‍ന്ന അവശേഷിക്കുന്ന ഇന്ത്യക്കാര്‍ നാട്ടിലേക്കുമടങ്ങാനുള്ള സാധ്യത ഏറെയാണ്. അഫ്ഗാനിസ്താനില്‍നിന്നോ ഐ.എസ്. സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളില്‍നിന്നോ ഇവര്‍ മടങ്ങാനുള്ള സാധ്യത വിരളമാണ്. ഗള്‍ഫ് വഴി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മടങ്ങാനാണ് സാധ്യതയേറെ. ഇത്തരത്തില്‍ ഇവര്‍ രാജ്യത്തെത്തിയാല്‍ വന്‍ അപകടമായിരിക്കും സംഭവിക്കുക.