ഒഴിപ്പിക്കലിനായി ശ്രീറാമിനൊപ്പം നിന്നവരേയും കൂട്ടത്തോടെ മാറ്റി

0
135

മൂന്നാര്‍ സബ് കലളക്ടറുടെ സ്ഥലമാറ്റത്തിനു പിന്നാലെ മൂന്നാറില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം. സബ് കളക്ടറുടെ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. ഹെഡ് ക്ലര്‍ക്ക് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഹെഡ് ക്ലര്‍ക്ക് പി. ബാലചന്ദ്രന്‍ പിള്ള, ക്ലര്‍ക്കുമാരായ പി.കെ, ഷിജു , പി,കെ, സോമന്‍, ആര്‍,കെ, സിജു എന്നിവരെയാണ് സ്ഥലം മാറ്റിയത്. ബാലചന്ദ്രന്‍ പിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫിസറായും പി.കെ. ഷിജുവിനെ ദേവികുളം താലൂക്ക് ഓഫിസിലേക്കും പി.കെ. സോമനെ രാജകുമാരി ഭൂപതിവ് ഓഫിസിലേക്കും അര്‍.കെ. സിജുവിനെ നെടുങ്കണ്ടം സര്‍വ്വേ സൂപ്രണ്ട് ഓഫിസിലേക്കുമാണ് മാറ്റിയത്.

കെയ്യേറ്റ നടപടികള്‍ നേരിട്ട് നടപ്പാക്കിയിരുന്ന അഡീഷണല്‍ തഹസില്‍ദാരെ നേരത്തെ തന്നെ തൊടുപുഴയിലേക്ക് മാറ്റിയിരുന്നു. 12 ഉദ്യോഗസ്ഥരാണ് ദേവികുളം ആര്‍.ഡി.ഒ. ഓഫീസിലുള്ളത്. സബ് കളക്ടറെ നീക്കിയതിന് പിന്നാലെ ഓഫിസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ റവന്യൂ വകുപ്പ് ശേഖരിച്ചിരുന്നു. ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ശ്രീറാമിനെയും കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സഹായം നല്‍കിയ ഉദ്യോഗസ്ഥരെയും ദേവികുളം ആര്‍.ഡി.ഒ. ഓഫിസില്‍നിന്ന് ഒഴിപ്പിക്കാന്‍ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കള്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ നടപ്പാവുന്നത്.