കശ്മീരിൽ ഇടനില ആവശ്യമില്ല; ചൈനയെ തള്ളി ഇന്ത്യ

0
122

ന്യൂഡൽഹി: കാശ്മീരിൽ സ്ഥിരതയും സമാധാനവും കൊണ്ടുവരാൻ പ്രശ്‌നങ്ങളിൽ ഇടപെടാൻ തയ്യാറാണെന്ന ചൈനയുടെ വാഗ്ദാനം നിരസിച്ച് ഇന്ത്യ. കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര മാർഗ്ഗങ്ങൾ ലഭ്യമാണെന്നും അത് ഉപയോഗപ്പെടുത്താൻ തയ്യാറാണെന്നും ഇന്ത്യയുടെ വിദേശാകാര്യ മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്ലേ പറഞ്ഞു.

പാകിസ്താനുമായി കശ്മീർ വിഷയത്തിൽ ചർച്ച നടത്തുന്നതിന് ഇന്ത്യ തയ്യാറാണ്. ചർച്ചയ്ക്ക് ഒരു മൂന്നാം കക്ഷിയുടെ ഇടനില ഇന്ത്യയ്ക്ക് ആവശ്യമില്ല. കശ്മീരിലെ പ്രശ്‌നത്തിന്റെ അടിസ്ഥാനം അതിർത്തി കടന്നുള്ള തീവ്രവാദമാണ്. രാജ്യങ്ങളുടെയും ലോകത്തിന്റെ തന്നെയും സമാധാനവും സ്ഥിരതയും നശിപ്പിക്കാനുള്ള ഒരു പ്രത്യേക രാജ്യത്തിന്റെ ശ്രമമാണ് ഇതിന് പിന്നിലുള്ളത് ബാഗ്ലേ ചൂണ്ടിക്കാട്ടി.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംബന്ധമായ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് ഇരു രാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ ഡോക്ലാമിൽനിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു.

അടുത്തിടെ ഭൂട്ടാൻ, ഇന്ത്യ, ചൈന എന്നിവയുടെ അതിർത്തിയിലുള്ള ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് പണിതതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു. ഡോക്ലാം സ്വന്തം ഭൂമിയാണെന്നാണ് ചൈനയുടെ അവകാശവാദം. ഇവിടെ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ. ഇതിനെ തുടർന്ന് ഏതാനും ആഴ്ചകളായി ഇരു രാജ്യങ്ങളും വാക്‌പോര് തുടരുകയാണ്.

സിക്കിമിൽ അടക്കം ചൈനയുടെ ഇടപെടലുകൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതിപക്ഷ കക്ഷികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജമ്മു കശ്മീരിൽ ഏഴ് അമർനാഥ് തീർഥാടകർ കൊല്ലപ്പെട്ട സംഭവവും കൂടിക്കാഴ്ചയിൽ ചർച്ചചെയ്യും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ പിൻതുണ നേടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.