കൊക്കക്കോള തോല്‍വി സമ്മതിച്ചു; പ്ലാച്ചിമടയില്‍ ഇനിയില്ല

0
86

വര്‍ഷങ്ങളായുള്ള ജനരോക്ഷത്തിനു മുന്‍പില്‍ കൊക്കക്കോള തോല്‍വി സമ്മതിച്ചു. ഇനി പ്ലാച്ചിമടയില്‍ കൊക്കക്കോള ഫാക്ടറി പുനരാരംഭിക്കില്ല. വ്യാഴാഴ്ച സുപ്രീംകോടതിയില്‍ കേസ് പരിഗണിക്കവേയാണ് ഇനി പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കക്കോള കമ്പനി അറിയിച്ചത്.

പെരുമാട്ടി പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചതിനെ കമ്പനി ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചോദ്യം ചെയ്തില്ല. കമ്പനി എതിര്‍ക്കാതിരുന്നതോടെ ജലചൂഷണത്തെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിന് പെരുമാട്ടി പഞ്ചായത്ത് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കി.

പ്ലാച്ചിമടയില്‍ കൊക്കക്കോള കമ്പനി പ്രവര്‍ത്തനം 2000ലാണ്. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോഴേക്ക് ജലചൂഷണവും ജലമലിനീകരണവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. വളമെന്ന പേരില്‍ കൃഷിക്കാര്‍ക്ക് നല്‍കിയ ഖരമാലിന്യം അവിടുത്തെ മണ്ണിനെപോലും ദുഷിപ്പിച്ചു.

ദിവസം കമ്പനിയില്‍നിന്ന് പുറത്തേക്കൊഴുക്കിയിരുന്നത് മൂന്ന് ലിറ്റര്‍ വീതം പാഴ്ജലമായിരുന്നു. കൂടാതെ മണ്ണില്‍ അപകടകരമായ തോതില്‍ കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അംശം കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡും ബി.ബി.സി.യും കണ്ടെത്തിയിരുന്നു.

2002 ഏപ്രില്‍ 22ന് കമ്പനിയുടെ ജലചൂഷണത്തിനെതിരെ പ്ലാച്ചിമടയിലെ ജനങ്ങള്‍ സമരത്തിനിറങ്ങി. നിരന്തര സമരത്തിനൊടുവില്‍ 2003ല്‍ കമ്പനി അടച്ചുപൂട്ടി.