ഗൂഢാലോചന: തെളിവെടുപ്പ് പുരോഗമിക്കുന്നു

0
67

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് രണ്ടാം ദിവസത്തെ തെളിവെടുപ്പ് തൃശൂരില്‍ പുരോഗമിക്കുന്നു. ജോര്‍ജ്ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനായിരുന്ന പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് അക്കാഡമിയിലാണ് ആദ്യം എത്തിച്ചത്.

രാവിലെ 11.05 ഓടെയാണ് ദിലീപുമായുള്ള പൊലീസ് വാഹനം പുഴക്കലിലെത്തിയത്. കഴിഞ്ഞ ദിവസം തൊടുപുഴയിലെയും കൊച്ചിയിലെയും തെളിവെടുപ്പിന് ആള്‍ക്കൂട്ടമുണ്ടായിരുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം ആക്രമത്തിനിരയായ നടി തൃശൂര്‍ സ്വദേശിനിയാണെന്നതും ദിലീപിനെതിരെ ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പുഴക്കലിലെ ടെന്നീസ് അക്കാദമിയിലെ തെളിവെടുപ്പ് അവസാനിച്ചു. ഹോട്ടല്‍ ഗരുഡ, ജോയ്‌സ് പാലസ് ഹോട്ടല്‍ എന്നിവിടങ്ങളിലെ തെളിവെടുപ്പും അവസാനിച്ചു. ടെന്നീസ് അക്കാദമിയുടെ അകത്തേക്ക് മാധ്യമങ്ങളൊഴികെയുള്ളവരെ പ്രവേശിപ്പിച്ചിരുന്നില്ല. തെളിവെടുപ്പിനു ശേഷം ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിലേക്കു കൊണ്ടുപോകും.

ദിലീപിനെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വലിയ രീതിയിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.