ഗോമാംസം കൈവശം വെച്ചുവെന്നാരോപിച്ച് വീണ്ടും മഹാരാഷ്ട്രയില്‍ ക്രൂര മര്‍ദ്ദനം. നാഗ്പുരിലെ ഭാര്‍സിങ്കി മേഖലയിലാണ് നാലുപേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിച്ചത്. ഇന്നലെയായിരുന്നു സംഭവം.
സലിം ഇസ്മൈല്‍ ഷാ എന്ന 36കാരനെയാണ് നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇവര്‍ പ്രഹാര്‍ സംഘടന് എന്ന സംഘടനയിലെ അംഗങ്ങളാണെന്നും പ്രദേശത്തെ എംഎല്‍എയുമായി അടുത്ത ബന്ധമുള്ളവരുമാണെന്നുമാണ് വിവരം.
സലിം തന്റെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന സമയം സംഘം ഇയാളെ തടഞ്ഞുവെക്കുകയും ഗോമാംസം കൈവശമുണ്ടെന്ന് ആരോപിക്കുകയുമായിരുന്നു. എന്നാല്‍ കൈയ്യിലുള്ളത് ഗോമാംസം അല്ലെന്ന് ഷാ പറഞ്ഞെങ്കിലും സംഘം ഇത് ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചുവെന്ന് ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് അറിയിച്ചു. സലിമിന്റെ കൈവശമുണ്ടായിരുന്ന മാംസം പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.