ചൈനയില്‍ നിന്ന് ബംഗ്ലാദേശ് അന്തര്‍വാഹിനികള്‍ വാങ്ങുന്നു

0
173

ഇന്ത്യയെ ആശങ്കയിലാക്കി ചൈനയില്‍ നിന്ന് ബംഗ്ലാദേശ് രണ്ട് അന്തര്‍വാഹിനികള്‍ വാങ്ങുന്നു. 200 ദശലക്ഷം ഡോളറിന്റെ ഇടപാടാണ് ബംഗ്ലാദേശ് ചൈനയുമായി നടത്തിയത്.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനാണ് ആയുധകരാര്‍ എന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പറഞ്ഞു. അല്ലാതെ ഏതെങ്കിലും രാജ്യത്തെ ഉദ്ദേശിച്ചല്ലായെന്നും അവര്‍ വാദിച്ചു.

ചൈനയെ പ്രധാന വികസന പങ്കാളിയെന്നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനര്‍വാഹിനി വാങ്ങാന്‍ തീരുമാനിച്ചത്. 035ജി അഥവാ മിങ് ക്ലാസിലുള്ള ഡീസല്‍ എഞ്ചിന്‍ അന്തര്‍ വാഹിനികളാണ് വാങ്ങുന്നത്. ഇവ ബംഗ്ലാദേശ് നാവികസേനയില്‍ ഇടം പിടിക്കുന്നത് ബിഎന്‍ നബജത്ര, ബിഎന്‍ അഗര്‍തല എന്നീ പേരുകളിലാണ്.

ബംഗ്ലാദേശ് സാമ്പത്തികമായി ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് അന്തര്‍വാഹിനി വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ ചൈനയുമായി ഏറെ അടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും പറയുന്നു. നേരത്തെ റഷ്യയില്‍ നിന്ന് ടാങ്ക് വേധ മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങാനുള്ള നുറുകോടി ഡോളറിന്റെ കരാറും ബംഗ്ലാദേശ് ഒപ്പുവെച്ചിരുന്നു. 2013ലാണ് ചൈനയില്‍ നിന്ന് അന്തര്‍വാഹിനി വാങ്ങുവാന്‍ ബംഗ്ലാദേശ് തീരുമാനിച്ചത്.