നടിയെ ആക്രമിച്ച കേസ്: അന്‍വര്‍ സാദത്തിനെതിരെ തെളിവ് കൊണ്ടുവരട്ടെയെന്ന് ഹസ്സന്‍

0
85

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ അന്‍വര്‍ സാദത്തിനെതിരെ തെളിവ് ഹാജരാക്കട്ടെയെന്ന് എം.എം. ഹസ്സന്‍. തെളിവ് ഹാജരാക്കുന്ന സാഹചര്യത്തില്‍ അപ്പോള്‍ എന്തുവേണമെന്ന് പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷക്കാരായ ഇന്നസന്റ് എംപി, എംഎല്‍എമാരായ മുകേഷ്, ഗണേഷ് എന്നിവര്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നപ്പോള്‍ അതു പ്രതിരോധിക്കാനാണ് ഡിവൈഎഫ്‌ഐ പ്രതിപക്ഷ എംഎല്‍എക്കെതിരെ തിരിഞ്ഞിരിക്കുന്നതെന്നും ഹസ്സന്‍ ആരോപിച്ചു.

ഇതേസമയം ജനതാദള്‍ (യു) യുഡിഎഫ് വിട്ടുപോകുമെന്നു കരുതുന്നില്ല. ഇതു സംബന്ധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറും സെക്രട്ടറി ജനറലും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍ പറയന്നത് വിശ്വസിക്കാവുന്നതാണ്. അവര്‍ക്കുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ യുഡിഎഫില്‍ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനെതിരെയുള്ള കേസില്‍ പരാതിക്കാരനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നു കെ. സുധാകരന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അടുത്ത മാസം അഞ്ചിനു ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗം ചര്‍ച്ച ചെയ്യും.