പാനമരേഖ ആരോപണം; നവാസ് ഷെരീഫിന്റെ രാജിയ്ക്ക് സമ്മര്‍ദ്ദേമേറുന്നു

0
93

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയ്ക്ക് സമ്മര്‍ദ്ദേമേറുന്നു. പാനമ രേഖകളുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു രാജി സമ്മര്‍ദം. സംയുക്ത അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെ നേരിടുന്നതിന് ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം ചേരും.

സൈന്യവും ഷെരീഫിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നവാസ് ഷെരീഫിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്താമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

സുപ്രീംകോടതിയുടെ മുന്നിലാണ് ഷെരീഫിനെതിരായ റിപ്പോര്‍ട്ട് ഇപ്പോളുള്ളത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നവാസ് ഷെരീഫ് രാജിവയ്ക്കണമെന്ന സമ്മര്‍ദ്ദം ഏറിയത്. ഈ യോഗത്തില്‍ നവാസ് ഷെരീഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം ഇറക്കിയേക്കും. ഭരണകക്ഷിയുടെ ഒരു യോഗം നാളെ ചേരുന്നുണ്ട്. ഈ യോഗത്തിലും നവാസ് ഷെരീഫിന് പിന്തുണ പ്രഖ്യാപിക്കാനാണ് തീരുമാനം.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ ഇടപാടുകളിലേറെയും നിയമവിരുദ്ധമാണെന്നതാണ് പാനമ രേഖകളില്‍ പേരുള്ളവരെ സംശയത്തിന്റെ നിഴലിലാക്കുന്നത്. തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.