ഫെയ്‌സ്ബുക്ക് പോസ്റ്റ്; അജുവിന്റെ മൊഴി രേഖപ്പെടുത്തി, ഫോണ്‍ പിടിച്ചെടുത്തു

0
95

ഫെയ്‌സ്ബുക്കില്‍ നടിയുടെ പേര് പരാമര്‍ശിച്ച് സന്ദേശമെഴുതിയ സംഭവത്തില്‍ ചലച്ചിത്ര താരം അജു വര്‍ഗീസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അജു വര്‍ഗീസ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കളമശേരി സിഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് അജുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

അജുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് തീരുമാനം. പോസ്റ്റിലെ പിഴവ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തിരുത്തിയതായും താരം മൊഴി നല്‍കിയിട്ടുണ്ട്.

അജുവിനെതിരെ സൈബര്‍ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണിന്റെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായ ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു.

നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അതു തിരുത്തുന്നതായും വ്യക്തമാക്കിയ അജു വര്‍ഗീസ്, സംഭവത്തില്‍ ക്ഷമ ചോദിച്ചിരുന്നു. കളമശേരി സ്വദേശി നല്‍കിയ പരാതിയിലാണു പോലീസ് കേസെടുത്തിരിക്കുന്നത്.