സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിപ്പിക്കും.
കഴിഞ്ഞ രണ്ടു മാസമായി ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നേഴ്സുമാര്‍ സമരം നടത്തി വരുന്ന സാഹചര്യത്തില്‍ ഇതിനെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി നേരിടാനാണ് സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ശമ്പളം ശരാശരി 20,806 രൂപയാക്കിയിരുന്നു. എന്നാല്‍ ശമ്പളകാര്യത്തില്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നതെന്നാണ് നഴ്സുമാരുടെ സംഘടന ആരോപിക്കുന്നത്.
എന്നാല്‍ വര്‍ധിപ്പിച്ചിരിക്കുന്ന ശമ്പള പരിഷ്ക്കരണം സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധിയാണെന്നും സമരത്തില്‍നിന്ന് നഴ്സുമാര്‍ പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാരിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നേഴ്സുമാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും ശമ്പളവും നിശ്ചയിച്ചില്ല എന്നും നേഴ്സുമാര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം ഇതിനോട് യോജിക്കില്ലെന്നു കേരള പ്രൈവറ്റ് നേഴ്സസ് അസോസിയേഷന് അറിയിച്ചു.