സംസ്ഥാന സർക്കാരിന്റെ കരട് തൊഴിൽ നയം പ്രഖ്യാപിച്ചു; കുറഞ്ഞ വേതനം 600 രൂപ

0
217

സംസ്ഥാന സർക്കാരിന്റെ കരട് തൊഴിൽ നയം പ്രഖ്യാപിച്ചു. തൊഴിൽ നയം നടപ്പിലാകുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ തൊഴിൽ സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ചിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തും. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളുടെ സമഗ്രവളർച്ചയ്ക്കൊപ്പം തൊഴിലാളികളുടെ ക്ഷേമൈശ്വര്യങ്ങളും സാമൂഹികസുരക്ഷയും കൂടെ ഉറപ്പുവരുത്തുന്നതാണ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  തൊഴിലിടങ്ങളിൽ ശുചിമുറികൾ, വിശ്രമമുറികൾ, ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ എന്നിവ നിർബന്ധമാക്കും. വേതനക്കുടിശിക തൊഴിലുടമയിൽ നിന്ന് തന്നെ ഈടാക്കുവാനുള്ള റെവന്യൂ റിക്കവറി വ്യവസ്ഥ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തൊഴിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ അവ സമയബന്ധിതമായി പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കും. തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുന്നതിനും സ്ത്രീ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, ക്ഷേമം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ ശക്തമായ ഇടപെടൽ നടത്തും. ഇത്തരത്തിൽ സമസ്തമേഖലയിലെയും തൊഴിലാളികൾക്ക് മാന്യമായ വേതനവും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.

സംസ്ഥാനത്തെ വിവിധ തൊഴിലാളി ക്ഷേമനിധി ബോർഡുകളെ ശാക്തീകരിക്കും. ഭരണച്ചെലവ് കുറച്ച് ആരോഗ്യം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന വിധത്തിൽ ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതു ലക്ഷ്യം വെച്ചുകൊണ്ടാണ് തൊഴിൽ നയം സർക്കാർ രൂപീകരിച്ചത്.