സെൻസർബോർഡ് നിദ്ദേശം അമ്പരപ്പിക്കുന്നത്: പിണറായി

0
94

നൊബേൽ സമ്മാന ജേതാവായ അമർത്യാസെന്നിനെക്കുറിച്ച് ധനതത്വ ശാസ്ത്രജ്ഞനായ സുമൻ ഘോഷ് തയ്യാറാക്കിയ ഡോക്യുമെന്ററിയിൽ നിന്ന് ഗുജറാത്ത്, പശു, ഹിന്ദു, ഹിന്ദുത്വ, ഇന്ത്യയെക്കുറിച്ചുളള ഹിന്ദുത്വ കാഴ്ചപ്പാട് എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡിന്റെ നിർദേശം ജനങ്ങളുടെ സാമാന്യ ബോധത്തെ അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് നേരെയുളള കന്നാക്രമണമാണത്. വിയോജിപ്പുകളും എതിരഭിപ്രായവും അംഗീകരിക്കാത്ത ഫാസിസ്റ്റ് പ്രവണതയായേ അതിനെ കാണാനാകൂ. ഗുജറാത്ത്, പശു, ഹിന്ദു തുടങ്ങിയ വാക്കുകൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നത് സംഘ പരിവാർ ഭയപ്പെടുന്നു. തങ്ങളുടെ ഹീനകൃത്യങ്ങളിലേക്കു വിരൽ ചൂണ്ടുന്ന വാക്കുകളാണ് ഇവ എന്ന ധാരണയിലാണോ ഒരു ഡോക്യുമെന്ററിയിൽ ഈ പദങ്ങൾ വരുന്നിടത്ത് ‘ബീപ്പ്’ ശബ്ദം മതി എന്ന് സെൻസർ ബോർഡിനെ കൊണ്ട് പറയിച്ചത് എന്ന് വ്യക്തമാക്കേണ്ടത് കേന്ദ്ര ഭരണാധികളാണെന്ന് പിണറായി കുറ്റപ്പെടുത്തി.

‘ദ ആർഗുമെൻറേറ്റിവ് ഇന്ത്യൻ’ എന്ന ഡോക്യുമെൻററിയിൽ അമർത്യസെൻ തന്നെയാണ് തന്റെ സംഭാഷണത്തിൽ ഈ വാക്കുകൾ ഉപയോഗിക്കുന്നത്. പ്രദർശനാവകാശത്തിനുളള സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ ഈ വാക്കുകൾ ഒന്നും കേൾപ്പിക്കരുതെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദേശിച്ചിട്ടുളളത്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന നിലപാടാണിത്. നിയമങ്ങളുടെ അടിസ്ഥാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സെൻസർ ബോർഡ് പോലുളള സ്ഥാപനങ്ങളെ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുളള ഉപകരണങ്ങളാക്കി കേന്ദ്ര സർക്കാർ മാറ്റിയിരിക്കയാണ്. ഇത്തരം നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരണമെന്നും പിണറായി ആഹ്വാനം ചെയ്തു.