എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചു. 11 വയസുകാരന് ആത്മഹത്യ ചെയ്തു. തെലുങ്കാനയിലെ കരിംനഗര്‍ സ്വദേശിയായ ഗുരം ശ്രീകര്‍ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് ശ്രീകര്‍ റെഡ്ഡി ചാടിയത്. സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂളിന്റെ രണ്ടാം നിലയിലുള്ള തന്റെ ക്ലാസ് റൂമിലേക്ക് പോവുകയായിരുന്നു ഗുരം ശ്രീകര്‍ റെഡ്ഡി. വളരെ പെട്ടന്ന് തന്നെ സ്കൂള്‍ വരാന്തയിലേക്ക് നടന്ന് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്ന് കരിം നഗര്‍ ടൗണ്‍ പോലീസ് ഓഫീസര്‍ ശ്രീനിവാസ് റാവു പറഞ്ഞു.
തന്റെ മകന് മികച്ച ഒരു എന്ജിനീയറാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലനത്തിന് പോകാന്‍ നിര്‍ബന്ധിച്ചതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ശ്രീകര്‍ പഠനത്തില്‍ താല്പര്യം കാണിച്ചിരുന്നില്ല. ഒപ്പം മാനസിക സമ്മര്‍ദത്തിലും ആയിരുന്നു. പക്ഷേ മകന് ആത്മഹ്യ ചെയ്യുമെന്ന് കരുതിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.
കര്‍ഷകനായ ശശിധര്‍ റെഡ്ഡിയുടെയും ശാരദയുടെയും മകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഗുരം ശ്രീകര്‍ റെഡ്ഡി.