കര്‍ണാടക സര്‍ക്കാരിന് യദ്യൂരപ്പയുടെ ഭീഷണി. ആര്‍എസ്എസ് നേതാവ് കല്ലട്ക്ക പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്താല്‍ കര്‍ണാടക കത്തുമെന്നാണ് യദ്യൂരപ്പ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിച്ചതിന്റെ പേരില്‍ പ്രഭാകര്‍ ഭട്ടിനെ അറസ്റ്റ് ചെയ്തേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യദ്യൂരപ്പയുടെ ഭീഷണി.
ആര്‍എസ്എസ് പ്രവര്ത്തകന് ശരത് മാഡിവാലയുടെ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിന് ദക്ഷിണ കര്‍ണാടകയില്‍ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കവെയാണ് യദ്യൂരപ്പ രൂക്ഷമായ പ്രതികരണം നടത്തിയത്.
ഭട്ടിനെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏതെങ്കിലും കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്താല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും പ്രതിഷേധത്തിന്റെ തീയില്‍ സംസ്ഥാനം കത്തുമെന്നും യദ്യൂരപ്പ പറഞ്ഞു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലുമെതിരെ കേസെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യുന്നതു മൂലമുണ്ടാകുന്ന എല്ലാ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും സര്‍ക്കാര്‍ നേരിട്ട് ഉത്തരവാദിയായിരിക്കും. കോണ്‍ഗ്രസ് മന്ത്രിസഭയിലെ ചില മന്ത്രിമാരാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നും പോലീസ് ബിജെപിയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗങ്ങള്‍ നടത്തിയതിനാണ് ഭട്ടിനെതിരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.