കാവ്യയുടെ മൊഴിയെടുത്തതായി സൂചന

0
404

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷണത്തിൽ ഇന്ന് നിർണ്ണായ നീക്കങ്ങളുണ്ടാകും. ദിലീപിന്റെ ഭാര്യ കാവ്യാമാധവനിൽനിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തെന്നാണ് സൂചന. ഗൂഢാലോചന സംബന്ധിച്ച കേസിൽ ദിലീപുമായി വളരെ അടുപ്പമുള്ള മുതിർന്ന നടനുൾപ്പെടെ കൂടുതൽപേരെ ചോദ്യംചെയ്യും. ഇന്ന് ദിലീപിന്റെ കസ്റ്റഡി തീരുന്ന ദിവസമായതിനാൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനും സാധ്യതയുണ്ട്.

ദിലീപുമൊത്ത് ആക്രമണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ കാവ്യയും അമ്മയും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. മാഡം നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്ന് കേസിലെ ഒന്നാംപ്രതി പൾസർ സുനി നേരത്തേ മൊഴിനൽകിയിരുന്നത്.

എന്നാൽ കാവ്യയെ ചോദ്യംചെയ്തകാര്യം അന്വേഷണ ചുമതലയുള്ള ഐ.ജി. ദിനേന്ദ്ര കശ്യപ് സ്ഥിരീകരിച്ചിട്ടില്ല. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും സംവിധായകൻ നാദിർഷയെയും കസ്റ്റഡിയിലെടുക്കുമെന്നും സൂചനകളുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയുടെയും മൊഴിയെടുത്ത പോലീസ് ഇവരുടെ വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യിൽ പരിശോധന നടത്തും.

നടിയെ ആക്രമിക്കുന്നതിനുമുൻപ് സുനി കാവ്യയുടെ വസ്ത്ര സ്ഥാപനത്തിൽ വന്ന് പണം കൈപ്പറ്റിയിട്ടുണ്ടോ മെമ്മറി കാർഡ് കൊണ്ടു വന്നിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. കാവ്യയുടെയും ശ്യാമളയുടെയും മൊഴികൾ ദിലീപിന്റെ മൊഴിയുമായി ഒത്തുനോക്കിയ പോലീസ് ചില വൈരുധ്യങ്ങൾ കണ്ടെത്തിയതായും സൂചനകളുണ്ട്. കാവ്യയുടെയും ശ്യാമളയുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ ഇവരുടെ ഒരു അടുത്ത ബന്ധുവിനെക്കൂടി പോലീസ് ചോദ്യംചെയ്യുമെന്നാണ് വിവരങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here