കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റുകള്‍ തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരത്തിലുള്ള 3522 അശ്ലീല സൈറ്റുകളാണ് കഴിഞ്ഞമാസം നിരോധിച്ചത്.
കൂടാതെ സ്കൂളുകളില്‍ ഇത്തരം സൈറ്റുകള്‍ ലഭിക്കാതിരിക്കാനുള്ള ജാമറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സി.ബി.എസ്.ഇ യോട് ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് ഇക്കാര്യം അറിയിച്ചത്.
ഇത്പ്രകാരം കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നിരോധിക്കാന്‍ വേണ്ട നടപടികള്‍ എടുത്തതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാമെന്നും പിങ്കി ആനന്ദ് അറിയിച്ചു. ഈ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിരോധിക്കാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി വാദം കേള്‍ക്കുകയായിരുന്നു കോടതി.