ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

0
67

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ നടനെ കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിക്കാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കുക. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധി പറഞ്ഞേക്കും.

പോലീസ് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച പ്രോസിക്യൂഷന്‍ വാദം നടന്നിരുന്നില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുദിവസത്തെ സമയം കോടതി അനുവദിച്ചിരുന്നു. ഇന്ന് പ്രോസിക്യൂഷന്‍വാദം കേട്ടശേഷമാണ് ജാമ്യാപേക്ഷയില്‍ വിധിപറയുക.

നേരത്തേനടന്ന പ്രതിഭാഗം വാദത്തില്‍ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഗൂഢാലോചന തെളിയിക്കുന്ന രേഖകളൊന്നും പോലീസ് സമര്‍പ്പിച്ചിട്ടില്ലെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

വ്യാഴാഴ്ചയും പോലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യംചെയ്തിരുന്നു. നേരത്തേ തന്ന മൊഴികളും കേസിലെ മറ്റുപ്രതികളുടെ മൊഴികളും ഒത്തുനോക്കി. പത്തിലധികം ശാസ്ത്രീയ തെളിവുകളും അഞ്ച് ദൃക്‌സാക്ഷി മൊഴികളും ദിലീപിനെതിരെ നിരത്തുന്ന പോലീസ് അത് ഉറപ്പിക്കുന്ന ചോദ്യംചെയ്യലാണ് വ്യാഴാഴ്ച നടത്തിയത്.

ആക്രമിച്ചതിന്റെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ ദിലീപുമായി വളരെ അടുപ്പമുള്ള മുതിര്‍ന്ന നടനുള്‍പ്പെടെ കൂടുതല്‍പേരെ ചോദ്യംചെയ്യും. സംഭവത്തില്‍ നേരത്തേ ചോദ്യംചെയ്ത ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും സംവിധായകന്‍ നാദിര്‍ഷയെയും കസ്റ്റഡിയിലെടുത്തേക്കാന്‍ സാധ്യതയുണ്ട്.

ദിലീപിന്റെ ഭാര്യ കാവ്യാമാധവനില്‍നിന്ന് കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തെന്നാണ് വിവരം. എന്നാല്‍ കാവ്യാമാധവനെ ചോദ്യംചെയ്തകാര്യം അന്വേഷണത്തിന് നേതൃത്വംനല്‍കുന്ന ഐ.ജി. ദിനേന്ദ്ര കശ്യപ് സ്ഥിരീകരിച്ചിട്ടില്ല.

കേസില്‍ അറസ്റ്റിലായ ദിലീപുമൊത്ത് ആക്രമണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ കാവ്യയും അമ്മയും ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. കാവ്യയുടെ അമ്മ ശ്യാമളയുടെയും മൊഴിയെടുത്ത പോലീസ് ഇവരുടെ വസ്ത്രസ്ഥാപനമായ ‘ലക്ഷ്യ’യില്‍ പരിശോധന തുടരാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here