നടന് ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു. ഇതിനായി എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബ്ബിലെത്തി അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങളും രേഖകകളും ശേഖരിച്ചു.
ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, എഫ്.ഐ.ആര് രേഖകളുമാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് ശേഖരിച്ചിരിക്കുന്നത്. ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുന്നുണ്ട്.
നിലവിലെ കേസുമായി ബന്ധപ്പെട്ട് 38 ഓളം ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.
ഗൂഢാലോചന സംബന്ധിച്ച് ചോദ്യം ചെയ്യുന്ന വേളയില്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വിദേശ സ്റ്റേജ് ഷോകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയവയിലും അന്വേഷണം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ദിലീപിനെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്.