ദിലീപ് അടുത്ത സുഹൃത്ത്; കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ നല്‍കണം: അന്‍വര്‍ സാദത്ത് എംഎല്‍എ

0
119

സിനിമയില്‍ എത്തുന്നതിനു മുന്‍പേ തങ്ങള്‍ അടുത്ത സുഹ്യത്തുക്കളാണെന്നും, നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷവും ദിലീപിനെ വിളിച്ചിട്ടും കണ്ടിട്ടുമുണ്ടെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്.

കേസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോടു ചോദിച്ചിട്ടുണ്ട്. തെറ്റു ചെയ്തിട്ടില്ലെന്നാണ് ദിലീപ് ഉറപ്പിച്ചു പറഞ്ഞത്. ആലുവ തേവരുടെ മുന്നില്‍ സത്യം ചെയ്ത് തെറ്റുകാരനല്ലെന്നു പറഞ്ഞു. അന്‍വര്‍ സാദത്ത് വ്യക്തമാക്കുന്നു.

ദിലീപ് തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തക്കതായ ശിക്ഷ നല്‍കണം. ഇവര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറുണ്ടെന്നും മാധ്യമങ്ങളോട് അന്‍വര്‍ സാദത്ത് അറിയിച്ചു. വിദേശത്തായിരുന്ന അന്‍വര്‍ സാദത്ത് നാട്ടിലെത്തിയശേഷമാണു മാധ്യമങ്ങളോടു സംസാരിച്ചത്.

തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും, ദിലീപുമായി തനിക്ക് വസ്തു ഇടപാടുകള്‍ ഒന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇടതുപക്ഷ എംഎല്‍എമാര്‍ വെട്ടിലായതുകൊണ്ടാണോ ഡിവൈഎഫ്‌ഐ നല്‍കിയ പരാതി എന്നും സംശയമുണ്ട്. ഏത് അന്വേഷണവുമായും സഹകരിക്കും.

തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണു താന്‍. പള്‍സര്‍ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ദിലീപ് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ദിലീപിന് അറിയാമെന്നും അന്‍വര്‍ സാദത്ത് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here