നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകം; പുനരന്വേഷണം വേണമെന്ന് സഹോദരന്‍

0
77

നടന്‍ ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സഹോദരന്‍ രംഗത്ത്. മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുമെന്നു സഹോദരന്‍ സത്യനാഥ് അറിയിച്ചു. കൊലപാതകത്തിന് സിനിമയുമായി ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

ശ്രീനാഥ് ഏഴുവര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍നിന്ന് അപ്രത്യക്ഷമായ വാര്‍ത്ത പുറത്തുവന്നിതിന് പിന്നാലെയാണ് മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നത്.

ശിക്കാര്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശ്രീനാഥിനെ അത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ സിനിമയുടെ ലൊക്കേഷനില്‍ ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് അന്വേഷണം നടന്നില്ലെന്നും സത്യനാഥ് പറയുന്നു. ശ്രീനാഥിന്റെ മൃതദേഹത്തിലെ മുറിവുകള്‍ പോലീസ് വേണ്ടരീതിയില്‍ പരിശോധിച്ചില്ലെന്നും ശ്രീനാഥിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുള്ളതായും സത്യനാഥ് കൂട്ടിച്ചേര്‍ക്കുന്നു.

സിനിമയുടെ അണിയറ പ്രവര്‍ത്തകരോ അഭിനേതാക്കളോ ശ്രീനാഥിന്റെ സംസ്‌കാരത്തിനെത്തിയില്ല. വ്യക്തിബന്ധമുണ്ടായിട്ടും നടന്‍ മോഹന്‍ലാല്‍ പോലും സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെന്നും സഹോദരന്‍ ആരോപിച്ചു.

കേസില്‍ പുനരന്വേഷണം വേണം. സിനിമാ മേഖലയിലുള്ള ചിലര്‍ ശ്രീനാഥിനെ ഭീഷണിപ്പെടുത്തിയിരുന്നു. മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും കൈയുണ്ടാകാമെന്നും സത്യനാഥ് സംശയിക്കുന്നു.

ശ്രീനാഥിന്റെ മരണത്തിന് പിന്നാലെ അതിന് സിനിമാ മേഖലയുമായി ബന്ധമില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞതും സത്യനാഥ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ശ്രീനാഥ് ആത്മഹത്യ ചെയ്തതല്ല അതൊരു കൊലപാതകമാണെന്ന് നടന്‍ തിലകന്‍ പലതവണ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

2010 മേയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു.

മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നായിരുന്നു പോലീസിന്റെ നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇതിനെ സാധൂകരിക്കുന്നതായിരുന്നുവെന്ന് പോലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here