നഴ്‌സ്മാരുടെ സമരം; ‘എസ്മ’ പ്രയോഗിക്കണമെന്ന് ഹൈക്കോടതി

0
331

തിങ്കളാഴ്ച മുതല്‍ നഴ്സുമാര്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. സമരത്തിനെതിരെ ‘എസ്മ’ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മനുഷ്യ ജീവനാണ് വിലയെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുവെയാണ് കോടതിയുടെ ഈ ഉത്തരവ്. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. അനിശ്ചിത കാല സമരവുമായി നഴ്സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.

നഴ്‌സുമാര്‍ സമരവുമായി മുന്നോട്ടുപോയാല്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെയ്ക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ പറഞ്ഞിരുന്നു. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കിയിരുന്നു.

എന്നാല്‍ എസ്മ പ്രയോഗിച്ച് സമരത്തെ തോല്‍പ്പിക്കാനാകില്ല എന്ന നിലപാടിലാണ് നഴ്‌സുമാര്‍. നിശ്ചയിച്ച പ്രകാരം സമരവുമായി മുന്നോട്ടു പോകുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here