നുണകള്‍ ആവര്‍ത്തിച്ച് ബംഗാള്‍ പിടിച്ചടക്കാന്‍ ത്വരകാട്ടുന്ന സംഘപരിവാരം

0
2597

by അജിത്‌ സാഹി ( ഫസ്റ്റ് പോസ്റ്റ്‌ )


ബംഗാളില്‍ ഹിന്ദു- മുസ്ലിം ഭിന്നത രൂക്ഷമാണെന്നും ഹിംസയും ധ്രുവീകരണവും മേല്‍ക്കൈ നേടിക്കൊണ്ടിരിക്കുന്നു എന്നുമുള്ള പ്രചാരണങ്ങള്‍ തുടരുകയാണ് സമൂഹ മാധ്യമങ്ങള്‍.. ഗുജറാത്ത് കലാപത്തിന്റെയും ഭോജ്പൂരി സിനിമയുടെയും എല്ലാം ഭാഗങ്ങള്‍ എടുത്ത് ബംഗാളിലെ ദൃശ്യങ്ങള്‍ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന സംഘപരിവാറുകാര്‍ ഓരോന്നായി കേസില്‍ കുടുങ്ങുമ്പോഴും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കുപ്രചാരത്തിന് ഒരു കുറവും ഇല്ല. ഫസ്റ്റ് പോസ്റ്റ്‌ ലേഖകന്‍ അജിത്‌ സാഹി ബംഗാളിലെ കലാപബാധിതമെന്ന് പുറം ലോകത്ത് പ്രചരിപ്പിക്കപ്പെടുന്ന ഇടങ്ങളിലൂടെ നടത്തിയ അന്വേഷണം…

വിവാദ പരാമര്‍ശം പോസ്റ്റ് ചെയ്ത സൗവിക് സര്‍ക്കാര്‍ എന്ന 17കാരെന്റ കാര്യംതന്നെ ആദ്യം പരിശോധിക്കാം. അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് അവന്‍ ബശീറത്തില്‍നിന്ന് 15 കി.മി ദൂരെ പൊലീസ് ഓഫിസറായ അമ്മാവെന്റ വസതിയിലായിരുന്നു താമസിച്ചിരുന്നത്. സൗവിക് താമസിച്ച ആ വീട് നൂറുകണക്കിന് ആള്‍ക്കാര്‍ ചേര്‍ന്ന് അഗ്‌നിക്കിരയാക്കിയതായി വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടു. എന്നാല്‍, ഒരു പോറല്‍പോലും ഏല്‍ക്കാതെ ആ വീട് അതേപടി നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ സാധിച്ചത്. പനകളും ഇതര മരങ്ങളും വലയം ചെയ്ത വീട്ടുവളപ്പ്. സമീപത്തായി പരന്നുകിടക്കുന്ന കൃഷിഭൂമി. അവിടെയെങ്ങും കൊള്ളിവെപ്പ് നടന്നതിന്റെ ഒരടയാളവുമില്ല. ആ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുമയോടെ ജീവിക്കുന്നു. റോഡിന്റെ ഏതാനും വാരം ദൂരെയായി ഒരു മസ്ജിദ്. സൗവികിനോ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ അയല്‍ക്കാരനായ മുസ്ലിംകളില്‍നിന്ന് നാളിതുവരെയായി ഒരു ഉപദ്രവവുമേറ്റതായി അറിവില്ല. സൗവികിന്റെ മുസ്ലിംകളായ ക്ലാസ്‌മേറ്റുകളും സ്‌നേഹപൂര്‍വമാണ് അവനെ ഓര്‍മിക്കുന്നത്. ”ഞങ്ങള്‍ ഒരുമിച്ച് ക്രിക്കറ്റ് കളിക്കാറുണ്ട്. ഒരിക്കലും ഒരു വഴക്കുപോലും ഉണ്ടായിട്ടില്ല” -കൂട്ടുകാരുടെ മൊഴി.

സൗവികിന്റെ അമ്മാവന്‍ ബബ്ലു സര്‍ക്കാര്‍ പൊലീസ് ഇന്‍സ്‌പെക്ടറായി സേവനം ചെയ്യുന്നു. സൗവികിന്റെ അമ്മ മരിച്ചതിനെ തുടര്‍ന്ന് അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തു. തുടര്‍ന്നാണ് സൗവിക് അമ്മാവെന്റ വസതിയില്‍ താമസിക്കാനെത്തിയത്. ഇന്‍സ്‌പെക്ടറുടെ സുഹൃത്ത് അമീറുല്‍ ഇസ്ലാം ആണ് ആ കഥകള്‍ വിശദീകരിച്ചത്. മക്കളോടൊപ്പം കളിക്കാന്‍ വൈകുന്നേരങ്ങളില്‍ അവന്‍ തെന്റ വീട്ടില്‍ സ്ഥിരമായി എത്താറുള്ളതായും അമീറുല്‍ ഇസ്ലാം പറയുന്നു. ”അവെന്റയും ഞങ്ങളുടെയും കുടുംബങ്ങള്‍ ഉറ്റ സൗഹൃദത്തിലായിരുന്നു. അവരുടെ അടുക്കളയോളം കയറിച്ചെല്ലാന്‍ പോലും സ്വാതന്ത്ര്യമുള്ള അടുപ്പം. ഇതുവരെ ആ കുടുംബത്തില്‍നിന്ന് മുസ്ലിംവികാരം വ്രണപ്പെടുത്തുന്ന ഒരു വാക്കുപോലും കേള്‍ക്കാനിടയായിട്ടില്ല.” അമീറുല്‍ ഇസ്ലാം ആണയിടുന്നു.

കത്തിച്ചുവെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്ന സൗവികിന്റെ വീട്

എന്നാല്‍, ജൂലൈ മൂന്നിന് സൗവിക് പോസ്റ്റ് ചെയ്തതായി ആരോപിക്കപ്പെട്ട പോസ്റ്റ് ചില പ്രശ്‌നങ്ങള്‍ക്ക് തുടക്കംകുറിച്ചു. പിറ്റേന്ന് ആ വീടിന് സമീപത്തുകൂടി കടന്നുപോകുേമ്പാള്‍ ഏതാനും പേര്‍ വീടിനു വട്ടമിട്ടുനില്‍ക്കുന്നതായി അമീറുല്‍ ഇസ്ലാം കണ്ടു. ഒട്ടും പരിചയമില്ലാത്ത മുഖങ്ങള്‍. നിങ്ങള്‍ എന്തിന് വന്നു എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ അവര്‍ തന്നെ ആട്ടിയകറ്റിയതായും അമീര്‍ പറഞ്ഞു.
അല്‍പം കഴിഞ്ഞ് സൗവികിന്റെ ബന്ധുക്കള്‍ തന്നെ ഫോണില്‍ ബന്ധപ്പെട്ടു. അവര്‍ വീട് വിട്ടതായും വീട് പൂട്ടാന്‍ മറക്കരുതെന്നുമായിരുന്നു സന്ദേശം. അമീര്‍ താക്കോലുകള്‍ സംഘടിപ്പിച്ച് അയല്‍പക്കത്തെ താമസക്കാരെയും വിളിച്ചുവരുത്തി വീട് പൂട്ടി താക്കോലുകള്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു.

ചാമ്പലാക്കപ്പെട്ടു എന്ന് പ്രചരിപ്പിക്കപ്പെട്ട ആ വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായോ? വീടിന്റെ അടുക്കളഭാഗത്ത് ചെറിയ തീ കണ്ടെങ്കിലും അവ ഉടന്‍ കെടുത്തിയ നിലയിലായിരുന്നു. മഗുര്‍ഖാലി എന്ന ഈ ചെറുഗ്രാമത്തില്‍ ഇതുവരെ വര്‍ഗീയ ലഹളകള്‍ അരങ്ങേറിയതായി അറവില്ല. അപൂര്‍വമായി സംഭവിക്കുന്ന ചില തര്‍ക്കങ്ങളൊഴിച്ച്. ഹിന്ദുക്കളും മുസ്ലിംകളുമെല്ലാം പരസ്പരം അടുത്തറിയുന്നവര്‍. ഒരിക്കല്‍ പള്ളിയില്‍ ഉച്ചഭാഷിണി സ്ഥാപിക്കുന്നതിനെചൊല്ലി ചെറിയ തര്‍ക്കമുണ്ടായി. ഒടുവില്‍ ആരുടെയും എതിര്‍പ്പില്ലാതെ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ സര്‍വരും തീരുമാനിക്കുകയും ചെയ്തു.
ഒരിക്കല്‍ ഹോളി ആഘോഷവേളയില്‍ ഒരു ഇമാമിന്റെ വസ്ത്രത്തില്‍ ചായമൊഴിച്ച സംഭവമുണ്ടായി. ചെറിയ തര്‍ക്കം ഉടലെടുത്തെങ്കിലും ഉടനെ പ്രശ്‌നം കെട്ടടങ്ങുകയും ചെയ്തു. സംഘര്‍ഷങ്ങളെ മുളയിലെ നുള്ളുന്ന ശീലക്കാരാണ് ഗ്രാമീണര്‍. ഗ്രാമത്തിലെ പുകള്‍പെറ്റ ഹിന്ദു -മുസ്ലിം മൈത്രി ബി.ജെ.പി നേതാക്കള്‍പോലും സ്വാഗതം ചെയ്യുന്ന യാഥാര്‍ഥ്യമാണ്. പുതിയ സംഘര്‍ഷത്തെ ഇരുപക്ഷവും ശക്തമായി അപലപിച്ചുകഴിഞ്ഞു. പ്രകോപനപരമായ പോസ്റ്റ് പുറത്തുവിട്ട സൗവിക്കിനെ അറസ്റ്റ്‌ചെയ്യാന്‍ മുറവിളികൂട്ടിയ ജനക്കൂട്ടത്തെ ഇമാമുമാര്‍ ശാന്തരാക്കുകയായിരുന്നു. എന്നാല്‍, പൊലീസിന്റെ അമാന്തവും അനാസ്ഥയും ജനക്കൂട്ടത്തെ ക്ഷുഭിതരാക്കി.ജനക്കൂട്ടം പൊലീസ് സ്റ്റേഷനുമുമ്പിലെ വാഹനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. സംഭവത്തെ മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി വിമര്‍ശിക്കുകയുണ്ടായി. പൊലീസ് വാഹനങ്ങള്‍ക്കുപുറമെ രണ്ടോ മൂന്നോ ചെറുവാഹനങ്ങള്‍ക്കുനേരെയും ൈകയേറ്റമുണ്ടായി. എന്നാല്‍, വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത്.

അമ്പലങ്ങള്‍പോലും ആക്രമണങ്ങള്‍ക്കിരയായതായി സമൂഹമാധ്യമങ്ങള്‍ തട്ടിവിട്ടു. ആക്രമിക്കപ്പെട്ട അമ്പലങ്ങള്‍ തിരക്കി ഞാന്‍ പലസ്ഥലത്തും നടന്നെങ്കിലും അത്തരം ൈകയേറ്റങ്ങള്‍ക്കിരയായ അമ്പലങ്ങള്‍ ഒരാള്‍ക്കും കാട്ടിത്തരാന്‍ സാധിച്ചില്ല. അമ്പലം ൈകയേറിയെന്ന ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍ തപന്‍ ദേബ്‌നാഥിന്റെ ആരോപണവും വ്യാജ വാദമായിരുന്നു. ബശീറത്തിലെ കാളിക്ഷേത്രം ആക്രമിക്കപ്പെട്ടത് ശരിയാണോ എന്നറിയാന്‍ ഞാന്‍ അമ്പലം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ പ്രാര്‍ഥന നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ക്ഷേത്രത്തിനു ഒരു കുഴപ്പവും പറ്റിയിരുന്നില്ല. നിരവധി ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതായി പ്രസ്താവന ഇറക്കിയ ദേബ്‌നാഥ് ആര്‍ക്കെല്ലാം പരിക്കേറ്റു എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.

പുറമേ നിന്നെത്തിയ യുവാക്കളുടെ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് പരിക്കേറ്റ്ര ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ അറിയിച്ചു. തലേയാട്ടിയും കൈകാലുകളും തകര്‍ന്ന നിലയിലാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. സംഘര്‍ഷസംഭവങ്ങളുടെ പേരില്‍ പരസ്പരം പഴിചാരി തിരക്കിലാണ് ബി.ജെ.പിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും. തൃണമൂല്‍ ഇസ്ലാമിക തീവ്രവാദത്തിന് പ്രോത്സാഹനം അരുളുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തുന്നു. ബി.ജെ.പി ആര്‍.എസ്.എസ് ഗൂഢാലോചനയാണ് സംഘര്‍ഷത്തിന് പിന്നിലെ യഥാര്‍ഥ കാരണമെന്ന് തൃണമൂല്‍ തിരിച്ചടിക്കുന്നു. മേഖലയില്‍ ഇപ്പോള്‍ ശാന്തി പുനഃസ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. ഏതു സമയത്തും ഈ അന്തരീക്ഷം കലുഷിതമായി പരിണമിച്ചേക്കാം. വര്‍ഗീയ ധ്രുവീകരണമാകില്ല അതിന്റെ യഥാര്‍ഥ കാരണം. സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ സംഭവവികാസങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം ചമക്കുന്ന രാഷ്ട്രീയ കക്ഷികളായിരിക്കും പുതിയ സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണക്കാര്‍. എന്നാല്‍, തങ്ങളെ ഭിന്നിപ്പിക്കാന്‍ മുതിരുന്ന രാഷ്ട്രീയക്കാരെ വ്യക്തമായി തിരിച്ചറിയുന്നുണ്ട് ബംഗാള്‍ ജനത.

LEAVE A REPLY

Please enter your comment!
Please enter your name here