കേന്ദ്രത്തിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ടുമായി സംബന്ധിച്ച വിഷയത്തിലാണ് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. നിയമ ദേദഗതിയാണോ ചട്ട ഭേദഗതിയാണോ വേണ്ടതെന്ന് അറിയിക്കണമെന്നും, തീരുമാനം അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും ഒരാഴ്ചക്കകം നിലപാടറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു.
പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മുന്നുമാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഒരു കോടിയോളം പ്രവാസികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നത്. ഇവരില്‍ 24,348 ആളുകള്‍ തിരഞ്ഞെടുപ്പു കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്കുകയാണെങ്കില് രാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്ക് സാധിക്കും.
കേരളം, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളില്‍ അധികവും. നിലവില്‍ സൈനികര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് ജോലികളില്‍ ഭാഗഭാക്കാവുന്ന അധ്യാപകര്‍ക്കുമാണ് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യമുള്ളത്.
ഇതിനൊപ്പം ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാലായി അയയ്ക്കുന്ന ഇ- തപാല്‍ സംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.