ബൈജു കൊട്ടാരക്കര സി.ബി.ഐക്ക് തെളിവ് നൽകി
കലാഭവൻ മണിയുടെ മരണത്തിന് പിന്നിൽ സിനിമാ മേഖലയിലെ റിയൽ എസ്റ്റേറ്റ് മാഫിയ ആണെന്ന വെളിപ്പെടുത്തൽ പുതിയ വഴിത്തിരിവിലേക്ക്. മണിയുടെ മരണത്തിന് പിന്നിൽ ദിലീപുമായുള്ള റിയൽ എസ്റ്റേറ്റ് തർക്കമാണെന്ന വെളിപ്പെടുത്തലിന്റെ തെളിവുകൾ സംവിധായകൻ ബൈജു കൊട്ടാരക്കര സി.ബി.ഐ സംഘത്തിന് കൈമാറി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിൽ ആയതിനു പിന്നാലെയാണ് മണിയുടെ മരണത്തിന് പിന്നിലെ വസ്തുതകൾ അറിയാമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സിനിമാ താരത്തിന്റെ ഉറ്റ ബന്ധുവായ കോഴിക്കോട് സ്വദേശിയായ യുവതി ബൈജുവിനെ ഫോണിൽ വിളിച്ചത്.
യുവതിയുടെ ഫോൺ വിളിയുടെ വിശദ വിവരങ്ങളും തെളിവുകളും കൈമാറാൻ ഒരുക്കമാണെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയത് 24 കേരളയിലൂടെയാണ്. ഇതിന്റെ വിശദാംശങ്ങൾ അടങ്ങിയ ഫോൺ സംഭാഷണവും 24 കേരള പുറത്തു വിട്ടിരുന്നു. ദിലീപും മണിയും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു എന്നാണു യുവതി ബൈജുവിനോട് വെളിപ്പെടുത്തിയത്. മൂന്നാർ ജില്ലയിലെ രാജാക്കാട് അടക്കമുള്ള പലയിടത്തും മണി വാങ്ങിയതും അദ്ദേഹത്തിന്റെ മരണ ശേഷം അനാഥമായി കിടക്കുകയും ചെയ്യുന്ന റിസോർട്ടുകൾ സംബന്ധിച്ചുള്ള തർക്കമാണ് മണിയുടെ മരണ കാരണം എന്നും പോലീസ് ഈ വിവരങ്ങൾ അന്വേഷിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി.ഏതു ഏജൻസിക്ക് മുന്നിലും തെളിവ് നൽകാൻ തയ്യാറാണെന്നും യുവതിയും ബൈജു കൊട്ടാരക്കരയും ഉറച്ച നിലപാട് കൈക്കൊണ്ടിരുന്നു.
ഈ ഫോൺ സംഭാഷണം അടക്കമുള്ള തെളിവുകൾ ആണ് ബൈജു കൊട്ടാരക്കര സി.ബി.ഐക്ക് കൈമാറിയത്. ഇന്നലെയാണ് സി.ബി.ഐയുടെ കൊച്ചി ഓഫീസിൽ എത്തി ബൈജു തെളിവുകൾ കൈമാറിയത്.സി.ബി.ഐ അന്വേഷണ പരിധിയിൽ ഇനി ഇക്കാര്യങ്ങളും ദിലീപും ഉൾപ്പെടും. ഭൂമി ഇടപാടുകൾക്ക് മണിയുടെ മരണവുമായുള്ള ബന്ധത്തെകുറിച്ച് കുടുംബാംഗങ്ങൾ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സംസ്ഥാന പോലീസ് അന്വേഷണത്തിൽ ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം നടന്നില്ല..ഈ പശ്ചാത്തലത്തിൽ ബൈജുവിന്റെ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം വേണമെന്ന് മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ചേട്ടന്റെ മരണത്തിനു പിന്നിൽ ദിലീപ് ആണെന്ന് ആരോടും പരാതി പറഞ്ഞിട്ടില്ല എന്നും ബൈജുവിന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം എന്ന് സി.ബി.ഐയോട് ആവശ്യപ്പെടുകയും മാത്രമാണ് ചെയ്തത് എന്ന് രാമകൃഷ്ണൻ 24 കേരളയോട് പറഞ്ഞു. മണിയുടേത് കൊലപാതകം ആണെന്ന ഉറച്ച വിശ്വാസം ആണ് ഇപ്പോഴും ഉള്ളതെന്നാണ് കുടുംബത്തിന്റെ നിലപാട്.