മഹാരാഷ്ട്രയിൽ ബീഫിന്റെ പേരിൽ മർദ്ദനമേറ്റത് ബിജെപി നേതാവിന്

0
576

നാഗ്പുർ: മഹാരാഷ്ട്രയിൽ ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ഗോസംരക്ഷകർ മർദ്ദിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ബിജെപി കടോൽ താലൂക്ക് ന്യൂനപക്ഷ മോർച്ച  സെക്രട്ടറി സലിം ഇസ്മയിൽ ഷാ (36) ആണ് മർദ്ദനത്തിനിരയായത്.

കടോൽ ടൗൺ സ്വദേശിയായ ഇസ്മയിൽ ഷാ വീട്ടിൽ നടക്കുന്ന ഒരു ചടങ്ങിനായി മാംസം വാങ്ങി വരുമ്പോഴായിരുന്നു സംഭവം. ഗോരക്ഷാ പ്രവർത്തകർ സലിമിനെ വഴിയിൽ തടഞ്ഞുനിർത്തി ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് മർദിക്കുകയുമായിരുന്നു. മർദന ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തന്റെ കൈയ്യിലുള്ളത് ഗോമാംസമല്ല, ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും അക്രമികൾ മർദ്ദനം തുടർന്നു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇയാൾ ബിജെപി പ്രവർത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവർക്ക് അറിയില്ലായിരുന്നെന്നാണ് പറയുന്നത്.

അമരാവതി എം.എൽ.എ. ബച്ചു കാട്ടു നയിക്കുന്ന ‘പ്രഹാർ സംഘടൻ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. അശ്വിൻ ഉയ്‌ക്കെ (35), രാമേശ്വർ തായ്വഡെ (42), മോരേശ്വർ തണ്ടൂർക്കർ (36), ജഗദീഷ് ചൗധരി (25) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്.

സലിമിന്റെ കൈവശമുണ്ടായിരുന്നത് ആട്ടിറച്ചി ആയിരുന്നെന്നും പരിശോധനയ്ക്ക് ശേഷമാണ് മാംസ വിൽപന നടന്നതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും നാഗ്പുർ എസ് പി ശൈലേഷ് ബാൽകാവ്‌ഡെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here