മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണയോട്ടം ഇന്ന്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തുക. സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജനറലിന്റെ അനുമതി ബുധനാഴ്ച കിട്ടി. വെള്ളിയാഴ്ച രാവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിനു സമീപത്തെ സ്റ്റേഷനില്‍ നിന്ന് പാലാരിവട്ടത്തേക്കാണ് പരീക്ഷണ ഓട്ടം. ട്രാക്ക് പരിശോധനയ്ക്കായതിനാല് ആദ്യ ദിവസങ്ങളില്‍ ഒരു ട്രെയിനാണ് ഉപയോഗിക്കുക.
ഓഗസ്റ്റില്‍ സ്റ്റേഷനുകളുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയാകും. ഇതിനു ശേഷമാണ് മെട്രോ റെയില്‍ സുരക്ഷാ കമ്മിഷണറുടെ പരിശോധനയുണ്ടാകുകയെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ അഞ്ചു കിലോമീറ്ററാണുള്ളത്. ഇതില്‍ നാലു സ്റ്റേഷനുകളാണ് ഉള്‍പ്പെടുക. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, നോര്‍ത്ത്, എം.ജി. റോഡ് എന്നിവയാണിത്. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18 കിലോമീറ്ററാകും.