യുപിയിൽ ട്രയിനിൽ സഞ്ചരിച്ച മുസ്‌ലിം കുടംബത്തെ ആക്രമിച്ചു

0
122

ഫറൂഖാബാദ്: തീവണ്ടിയിൽ സഞ്ചരിച്ച മുസ്ലിം കുടുംബത്തിനുനേരെ ആക്രമണവും കവർച്ചയും. യു.പിയിലെ മെയിൻപുരി ജില്ലയിലാണ് സ്ത്രീകളും കുട്ടികളും അംഗപരിമിതരും അടങ്ങുന്ന കുടുംബത്തിനുനേരെ ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയത്. ഇവരുടെ ആഭരണങ്ങളടക്കം സംഘം കവർച്ച നടത്തി.

കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരെയാണ് ആക്രമിച്ചത്. മുപ്പതോളം യുവാക്കൾ ആക്രമണം നടത്തുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എമർജൻസി വിൻഡോകൾ തകർത്താണ് വടികളും ആയുധങ്ങളുമായി അക്രമി സംഘം പുറത്ത് നിന്ന് ട്രെയിനിലേക്ക് തള്ളിക്കയറിയത്. കുടുംബത്തിന് നേരെ സംഘം വർഗീയ അധിക്ഷേപവും നടത്തി.

അതേ സമയം ആക്രമണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കുട്ടികളിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ. നാലു പേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവർക്ക് വയറിനും മറ്റുമാണ് പരിക്ക്. ഇവരെ ഫറൂറാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ അക്രമം നടന്ന സമയത്ത് അടിയന്തര ഹെൽപ്പ് ലൈൻ നമ്ബറായ 100 ലേക്ക് വിളിച്ചപ്പോൾ പ്രവർത്തന രഹിതമായിരുന്നെന്ന് പരാതിയുണ്ട്. കഴിഞ്ഞ മാസം ഹരിയാനയിൽ നടന്ന സമാനമായ ആക്രമണത്തിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുന്നതിനിടെ ജുനൈദ്ഖാൻ എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here