സാമ്പത്തിക ക്രമക്കേട്; മുന്‍ മന്ത്രി കെ പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണം

0
86

മുന്‍ മന്ത്രി കെ പി മോഹനനെതിരെ സാമ്പത്തിക തിരിമറി ആരോപണത്തില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. പാനൂര്‍ സര്‍ക്കാര്‍ ആസ്പത്രിക്ക് സ്ഥലമെടുക്കാന്‍ പണം പിരിച്ച് അഴിമതി നടത്തിയെന്ന പരാതിയിലാണ് തലശ്ശേരി വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

തലശ്ശരി ജനകീയ വേദി സെക്രട്ടറി മനീഷ് കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതിയില്‍ ത്വരിതാന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്നു പറഞ്ഞ് കെട്ടിട നിര്‍മാണത്തിന് സ്ഥലം വാങ്ങുന്നതിനു വേണ്ടി ജനങ്ങളില്‍ നിന്ന് പിരിവ് നടത്തിയതായാണ് പരാതി. 250 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ ജനങ്ങളില്‍നിന്ന് പിരിവെടുക്കുകയും 4.5 കോടി രൂപ സമാഹരിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ ചൂണ്ടികാണിക്കുന്നത്.

എന്നാല്‍ സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയുണ്ടായില്ല. മാത്രമല്ല, പിരിച്ച തുക സംബന്ധിച്ച് കമ്മിറ്റിക്കു മുന്‍പാകെ കണക്ക് ബോധിപ്പിക്കുകയും ചെയ്തില്ലെന്നും പണം സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

അതേസമയം, ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്ന് കെ. പി മോഹനന്‍ പ്രതികരിച്ചു. പണത്തിന്റെ കണക്കുകള്‍ ലീഗര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കൈമാറിയെന്നും മോഹനന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here