സ്വയം കത്തിക്കാനുള്ള പെട്രോള്‍ വാങ്ങിയത് കൊരട്ടിയില്‍ നിന്ന്, യുവമോര്‍ച്ചാ നേതാവിന്റെ മരണം ആത്മഹത്യ തന്നെ

0
100
സജിന്‍ രാജ്

ആറ്റിങ്ങലില്‍ പാതയോരത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവമോര്‍ച്ച നേതാവിന്റെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു . ജൂലൈ  ആറിന് രാവിലെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ എസ്.ഐ തന്‍സീറും സംഘവും പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ വിശദമായ അന്വേഷണം നടത്തി തിരിച്ചെത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമം പാലത്തിന് സമീപം പാലമൂട്ടില്‍ കടത്തിണ്ണയില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് യുവമോര്‍ച്ച നേതാവ് പാലക്കാട് ഒറ്റപ്പാലം കണ്ണിയാംപുറം വാഴപ്പിള്ളിവീട്ടില്‍ രാജന്റെ മകന്‍ ലാലു എന്ന സജിന്‍രാജ്( 34) മരണമടഞ്ഞത്. അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയമായി വിശകലനം ചെയ്തശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തുമാത്രമേ കുറ്റപത്രം നല്‍കാനാവൂ എന്ന് പൊലീസ് പറഞ്ഞു.
സാമ്പത്തിക പ്രശ്‌നങ്ങളാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. അഞ്ചാം തീയതിയാണ് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് വീട്ടില്‍ അറിയുന്നത്. നാട്ടിലും വീട്ടിലും എറെ സമ്മതനായിരുന്ന ഇയാള്‍ക്ക് ഇത് താങ്ങാനായില്ല. പണം കടംവാങ്ങി സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നു. മൂന്നര ലക്ഷം രൂപയുടെ കടമാണ് ഉണ്ടായിരുന്നത്. ഇത് സമയത്ത് തിരിച്ചുകൊടുക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പ്രതിചേര്‍ക്കാന്‍ ഉതകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നതിന്റെ പിറ്റേന്ന് ഒരാള്‍ സജിന്‍ രാജിന്റെ ഫോണിലേക്ക് വിളിച്ചത് ദുരൂഹത ഉണര്‍ത്തിയിരുന്നു. സി.ഐയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത്. ഈ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയും അന്വേഷണം നടത്തി. അയാള്‍ നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവ ദിവസം രാത്രി പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്ക് ഒറ്റക്കാണ് വാടക കാറില്‍ യുവാവ് പുറപ്പെട്ടതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവ് നല്‍കുന്നു. കാര്‍ തൃശൂര്‍ എത്തിയപ്പോള്‍ ഒരാള്‍ ലിഫ്റ്റ് ചോദിച്ച് കയറി. ആലുവ വരെ ഇയാള്‍ കൂടെയുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ആത്മഹത്യ നിശ്ചയിച്ചാണ് യുവാവ് പുറപ്പെട്ടെതന്നതിന്‌ െതളിവുകള്‍ ലഭിച്ചു. ഇയാള്‍ കൂടെയുള്ളപ്പോഴാണ് യുവാവ് തൃശൂര്‍ -എറണാകുളം ജില്ലാ അതിര്‍ത്തിയില്‍ ഉള്ള കൊരട്ടി എന്ന സ്ഥലത്തെ പമ്പില്‍നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയത്. ബൈക്ക് എറണാകുളത്ത് എണ്ണയില്ലാതെ ഇരിക്കുകയാണെന്നും അത് എടുക്കാനാണ് പെട്രോള്‍ വാങ്ങുന്നതെന്നുമായിരുന്നു യുവാവ് പറഞ്ഞത്. സിനിമ ഫീല്‍ഡില്‍ ഡ്രൈവറാണെന്നും പാലക്കാട്ട് ഷൂട്ടിങ് കഴിഞ്ഞ് അടുത്ത ഷെഡ്യൂള്‍ തിരുവനന്തപുരത്താണെന്നും പറഞ്ഞിരുന്നു. യുവാവില്‍നിന്ന് ഇയാള്‍ ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. അത് പ്രകാരമാണ് സംഭവം നടന്നതിന്റെ പിറ്റേന്ന് യുവാവിന്റെ ഫോണില്‍ വിളിച്ചത്. ഇത് ദുരൂഹത മാറ്റാന്‍ പൊലീസിന് പിടിവള്ളിയായി.

LEAVE A REPLY

Please enter your comment!
Please enter your name here