14 കൊല്ലം മുൻപ് പൂട്ടിയ പ്ലാച്ചിമട പ്ലാന്റ് കൊക്കക്കോള വീണ്ടും പൂട്ടി

0
269

സമരവും പ്ലാച്ചിമട സമര നേതാക്കളും പെരുമാട്ടി ഗ്രാമപഞ്ചായത്തും തുടങ്ങിവെച്ച നിയമ പോരാട്ടവും നേരിടാനാകാതെ 14 വർഷം മുൻപ് പ്ലാച്ചിമടയിലെ പ്ലാന്റ് പൂട്ടിപ്പോയതാണ് കോളക്കമ്പനി. വീണ്ടും പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്നറിയാൻ കോളയുമായി ബന്ധപ്പെട്ട ചിലർ അടുത്തിടെ ശ്രമം നടത്തിയിരുന്നു. തുടരുന്ന സമരം ഈ സാധ്യത ഇല്ലാതാക്കുമെന്ന ബോധ്യത്തിലാണ് ശ്രമം ഉപേക്ഷിച്ചത്.

ഒരു നാടിനെ മുഴുവൻ വറുതിയിലേക്കെറിഞ്ഞ കൊക്കക്കോള കമ്പനി സുപ്രീം കോടതിയിൽ വ്യാഴാഴ്ച തീരുമാനമറിയിച്ചത് ആഗോളതലത്തിലെ നിലനിൽപ്പ് കണക്കിലെടുത്ത്. ലൈസൻസ് നൽകാതിരിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധി ചോദ്യം ചെയ്തതടക്കമുള്ള അപ്പീൽ ഹർജികളിൽ സുപ്രീംകോടതി വിധി എതിരായാൽ, ആഗോളതലത്തിൽ തിരിച്ചടിയാകുമെന്ന നിയമോപദേശവും ഇതിന് കാരണമായി.

ലൈസൻസ് പുതുക്കേണ്ടന്ന ഗ്രാമപഞ്ചായത്ത് തീരുമാനം ചോദ്യം ചെയ്ത കമ്പനിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പ്രതികൂലമായെങ്കിലും ഡിവിഷൻ ബെഞ്ച് ഉത്തരവ് അനുകൂലമായിരുന്നു. ലൈസൻസ് നൽകാതിരിക്കാൻ പഞ്ചായത്തിന് അധികാരമില്ലെന്ന ഉത്തരവാണ് സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായത്. തുടർന്ന് 18 ഉപാധികളോടെ പഞ്ചായത്ത് ഭരണ സമിതി ലൈസൻസ് നൽകി. ഇതിനെതിരെ കമ്പനിയും ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ പഞ്ചായത്തും നൽകിയ അപ്പീൽ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവുമായി സമരണ സമിതിയും ഐക്യദാർഢ്യ സമിതിയുമായി ബന്ധപ്പെട്ടുമുള്ള ഹർജികളും ഇതോടൊപ്പമുണ്ടായിരുന്നു. വിധി അനുകൂലമായില്ലെങ്കിൽ കോള കമ്പനിക്കുണ്ടാകുന്ന ആഘാതം പ്ലാച്ചിമടയിൽ ഒതുങ്ങില്ലെന്ന് ഉറപ്പാണ്.
അതേസമയം 2011ൽ കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ ട്രൈബ്യൂണൽ ബില്ലിന്റെ കാര്യത്തിൽ ഇപ്പോഴും അനാസ്ഥ തുടരുകയാണ്. ബിൽ പാസാക്കിയാൽ മാത്രമേ അർഹമായ നഷ്ടപരിഹാരം ദുരിത ബാധിതർക്ക് ലഭിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here