വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെ 186 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമിഫൈനലില്‍ കടന്നു. 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. ക്യാപ്റ്റന്‍ മിതാലി രാജ് നേടിയ തകര്‍പ്പന്‍ സെഞ്ചുറിയാണ് (109) ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് നേടിയ രാജേശ്വരി ഗയ്ഗേവാദാണ് കിവീസ് ബാറ്റിങ് നിരയെ വീഴ്ത്തിയത്. സ്കോര്‍: ഇന്ത്യ-265/7 (50), ന്യൂസിലന്‍ഡ്-79 (25.3).
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന്റെ ചിറകരിഞ്ഞത് 7.3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയ്ഗേവാദാണ്. ദീപ്തി ശര്‍മ രണ്ടുവിക്കറ്റും ഇന്ത്യയ്ക്കായി നേടി. 26 റണ്‍സെടുത്ത സറ്റെര്‍വൈറ്റ് ആണ് കിവീസ് നിരയിലെ ടോപ് സ്കോറര്‍. 1.1 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡ് 25.3 ഓവര്‍ ആയപ്പോഴേക്കും എല്ലാവരും പുറത്താവുകയായിരുന്നു.
മിഥാലി രാജിന്റെ സെഞ്ചുറിയും വേദ കൃഷ്ണമൂര്‍ത്തിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങും ഒന്നിച്ചപ്പോള്‍ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കിവീസിനെതിരെ ഇന്ത്യക്ക് മികച്ച സ്കോരായ അഞ്ചിന് 265 റണ്‍സ് ആണ് നേടിയത് .
21 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടിരുന്നു. സ്മൃതി മന്ദന(13), പൂനം റൗത്(4) എന്നിവരാണ് പെട്ടെന്ന് മടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് മിഥാലി രാജും (109) ഹര്‍മന്‍പ്രീത് കൗറും (60) ചേര്‍ന്നാണ് ഇന്ത്യയെ രക്ഷിച്ചത്. 123 പന്തില്‍ നിന്ന് 11 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് മിഥാലി രാജ് ഈ ലോകകപ്പിലെ തന്നെ ആദ്യ സെഞ്ചുറി നേടിയത്. മിഥാലിയുടെ കരിയറിലെ ആറാമത്തെ ഏകദിന സെഞ്ചുറിയാണ് ഡെര്ബിയിലേത്.
ഇരുവരും തമ്മിലുള്ള സഖ്യം പിരിഞ്ഞതിന് പിന്നാലെ വേദ കൃഷ്ണമൂര്‍ത്തിയുടെ (70) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്കോര്‍ ഉയര്‍ത്തിയത്. 45 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും നേടിയാണ് വേദ സ്കോറുയര്‍ത്തിയത്. കിവീസിനായി കാസ്പെരെക് മൂന്ന് വിക്കറ്റ് നേടി. റോവെ രണ്ട് വിക്കറ്റ് സ്വന്തമാക്കി.