ചിരിച്ചു കൊണ്ട് കോടതിയില്‍,പത്തു ദിവസം ജയിലില്‍; ജാമ്യഹര്‍ജി ഹൈക്കോടതിയിലേക്ക്

0
205

മുന്‍ ദിവസങ്ങള്‍ പോലെയല്ല; ദിലീപ് സാഹചര്യങ്ങളുമായി പൊരുത്തപെട്ടിരിക്കുന്നു. ഇന്ന് ജാമ്യ ഹര്‍ജിയില്‍ വിധി പറയാന്‍ കോടതിയില്‍ എത്തിയ ദിലീപ് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വ്യത്യസ്തമായി ചിരിയോടെയാണ്‌ സാഹചര്യങ്ങള്‍ അഭിമുഖീകരിച്ചത്. പോലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന് ദിലീപിനോട് കോടതി ചോദിച്ചു. ഇല്ലെന്ന് ചിരിച്ചുകൊണ്ട് ദിലീപ് മറുപടിയും നൽകി.

കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിലീപ് പത്തു ദിവസമാണ്ജയിലില്‍ കഴിയേണ്ടി വരിക. ഇന്ന് ശനിയും നാളെ ഞായറും ആയതിനാല്‍ രണ്ടു ദിവസങ്ങള്‍ ഹര്‍ജിക്ക് വകയില്ലാത്ത വണ്ണം ആലുവ സബ്ജയിലില്‍ കഴിയുകയും വേണം. ജാമ്യ ഹര്‍ജിവിധിയില്‍ ദിലീപിനെ ഹാജരാക്കാന്‍ വൈകുന്നേരം വരെ പോലീസ് കാത്തതാണ് സൂപ്പര്‍ താരത്തിന് വിനയായത്. ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ഈ മാസം 25 വരെയാണ് ദിലീപിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.

നേരത്തേ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചു. ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും നടത്തിയത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടൻ ദിലീപ് നടത്തിയ ആരോപണങ്ങൾ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ വാദിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി പൊതുസമൂഹം ശക്തമായി നിലയുറപ്പിച്ചപ്പോൾ ദിലീപ് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്.

അതിനിടെ ദിലീപിന്റെ രണ്ട് ഫോണുകൾ പ്രതിഭാഗം അഭിഭാഷകൻ കെ.രാംകുമാർ കോടതിയിൽ സമർപ്പിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കായാണ് ഫോണുകൾ കൈമാറിയതെന്നും പോലീസിനെ ഏൽപ്പിച്ചാൽ തെളിവുകൾ നശിപ്പിക്കപ്പെടും എന്നും അദ്ദേഹം ആരോപിച്ചു. കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഫോറൻസിക് ലാബിൽ പരിശോധിക്കും.

ദിലീപ് കസ്റ്റഡിയിലായപ്പോഴും അദ്ദേഹത്തിന് അനുകൂലമായി സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടക്കുന്നു. അപ്പോൾ അദ്ദേഹം പുറത്തിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ചോദിച്ചു. ഇതിന് തെളിവായി മൊബൈലിൽ പ്രചരിക്കുന്ന വാർത്തകളും ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.

പൾസർ സുനി എന്ന കുറ്റവാളി നൽകിയ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പോലീസ് നീങ്ങുന്നതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. കേസ് ഡയറിയിൽ പറയുന്ന 19 തെളിവുകളിൽ പകുതിയിലധികവും ദിലീപുമായി നേരിട്ട് ബന്ധപ്പെട്ടതല്ല എന്നും അദ്ദേഹം വാദിച്ചു.

പൾസർ സുനി അടക്കമുള്ള മറ്റ് പ്രതികൾ നടത്തിയ കുറ്റകൃത്യത്തിനോളം ഗൗരവമുള്ള കൃത്യമാണ് ദിലീപും ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മറ്റു പ്രതികൾക്ക് ജാമ്യം നൽകാത്ത സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകിയാൽ കേസിന്റെ തുടരന്വേണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചിലപ്പോൾ അക്രമിക്കപ്പെട്ട നടിയെവരെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അന്വേഷണ സംഘത്തിന്റെ കൈവശം ശക്തവും വ്യക്തവുമായ തെളിവുകൾ ഉണ്ടെന്നും വേണ്ടിവന്നാൽ വീണ്ടും കസ്റ്റഡിക്കായി കോടതിയെ സമീപിക്കുമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു.
അതിനിടെ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. ദിലീപിന്റെ ഫോൺ കണ്ടെടുക്കുന്നതിന് വേണ്ടിഅതീവ രഹസ്യമായാണ് പോലീസ് റെയ്ഡ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here