നഴ്‌സുമാരുടെ സമരം: നഴ്സസ് അസോസിയേഷന്‍ യോഗം ഇന്ന്

0
75

നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഴ്സസ് അസോസിയേഷന്റെ സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരില്‍ ചേരും. നിയമനടപടിയുണ്ടായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നും സമരത്തിന്റെ ഭാവി എന്തായിരിക്കണം തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായേക്കും.

ഏതു തരത്തിലുള്ള നിയമ നടപടികള്‍ സ്വീകരിച്ചാലും സമരവുമായി മുന്നോട്ടു പോകുമെന്നാണ് നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. ഇത് ജീവിത സമരമാണ് ഇതല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. എസ്മ പ്രയോഗിച്ചാല്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു. കുറഞ്ഞത് 20000 രൂപയെങ്കിലും മാസശമ്പളമായി ലഭിക്കണമെന്ന നിലപാടിലാണ് നഴ്സുമാര്‍.

എന്നാല്‍ നഴ്സുമാരുടെ ആവശ്യങ്ങളോട് യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനമനുസരിച്ചുള്ള ശമ്പളവര്‍ധനയ്ക്ക് തയ്യാറാണെന്നും അതില്‍ കൂടുതല്‍ അനുവദിക്കാന്‍ കഴിയില്ലെന്നും കെപിഎച്ച്എ പ്രസിഡന്റ് മുഹമ്മദ് റഷീദ് പറഞ്ഞു.

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്സുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും മാനേജ്മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കിയിരുന്നു. ശമ്പളത്തില്‍ നിന്നു പിടുത്തവും മറ്റും കഴിഞ്ഞാല്‍ നിലവില്‍ ലഭിക്കുന്നതില്‍ നിന്നും മൂവായിരം രൂപയേ വര്‍ധിക്കൂ. ഇതു വെച്ച് യാതൊരു പ്രശ്‌നത്തിനും പരിഹാരം ഉണ്ടാകില്ലെന്നും നഴ്സുമാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here