പണിമുടക്ക് : സംഘടനകളില്‍ ഭിന്നത, മാറ്റിവച്ചുവെന്ന് യുഎൻഎ; സമരം തുടരുമെന്ന് ഐ.എന്‍.എ

0
122

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരുന്ന നഴ്‌സുമാരുടെ സമരം മാറ്റിവച്ചുവെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെത്തുടർന്നാണു സമരം മാറ്റിവച്ചത്. 19ന് നടത്തുന്ന ചർച്ചയിൽ നഴ്‌സുമാർക്ക് അനുകൂല തീരുമാനം ആയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും യുഎൻഎ ഭാരവാഹികൾ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ 21ന് നടത്താനിരിക്കുന്ന സമരത്തിൽനിന്ന് തൽക്കാലം പിന്നോട്ടില്ല. 19ലെ ചർച്ചയ്ക്കുശേഷമേ അതിൽ തീരുമാനം ഉണ്ടാകുകയുള്ളൂയെന്നും യുഎൻഎ അറിയിച്ചു.

എന്നാൽ, സമരം പിൻവലിച്ചു കൊണ്ടൊരു ചർച്ചയ്ക്ക് തയാറല്ലെന്ന് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ അറിയിച്ചു. കണ്ണൂർ, കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവും തുടരും. സമരം പിൻവലിച്ചാൽ ചർച്ച എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. എന്തെങ്കിലും ഉറപ്പു ലഭിക്കാതെ ചർച്ചയ്ക്കു വേണ്ടി സമരം പിൻവലിക്കാനാകില്ലെന്നും ഉപാധി മുന്നോട്ടു വച്ച് പിന്നീടു ചർച്ച വിളിക്കുന്നതു മര്യാദയല്ലെന്നും ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സമരം മാറ്റിവച്ചാൽ ചർച്ചയാകാമെന്നു നഴ്‌സുമാരോടു സർക്കാർ വ്യക്തമാക്കിയിരുന്നു. അനിശ്ചകാല സമരം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്നാണു നഴ്‌സുമാരുടെ ആവശ്യം. എന്നാൽ 17,000 രൂപ വരെ നൽകാമെന്ന നിലപാടിലാണു സർക്കാർ.അതിനിടെ, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ, ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും സമരത്തിൽനിന്നു വിട്ടു നിൽക്കണമെന്നു ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ആരോഗ്യ സേവന മേഖലയിൽ നേരത്തെ ‘എസ്?മ’ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.സമരം ആരംഭിക്കുന്ന തിങ്കളാഴ്ച മുതൽ ആശുപത്രികളുടെ പ്രവർത്തനം കുറയ്ക്കുമെന്നു മാനേജ്‌മെന്റുകളും വ്യക്തമാക്കിയിരുന്നു. അത്യാഹിത വിഭാഗങ്ങൾ മാത്രമാണു പ്രവത്തിക്കുകയെന്നും അവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here