പ്രണയം ഉപേക്ഷിച്ചതാകാം തന്നെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിന് പിന്നിലെന്ന് പത്തനംതിട്ടയിൽ അഗ്നിബാധക്കിരയായ പെൺകുട്ടി പോലീസിൽ മൊഴി നൽകി. തീ കൊളുത്തിയ പ്രതി സജിൽ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമായി നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ നാരങ്ങാനത്തെ കരുവിൽ ചിറ്റയിൽ കോളനിയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന് സമീപം എത്തിയ പ്രതി മൊബൈൽ ഫോണിൽ വിളിച്ച് ഇറങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് വിസമ്മതിച്ചതോടെ സജിൽ മടങ്ങിപ്പോയി. പെട്രോളുമായി തിരിച്ചെത്തിയ പ്രതി പെൺകുട്ടിയുടെ ഒഴിച്ച് തീകൊളുത്തി. ഇതിനു ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അയാൽവാസികൾ ചേർന്നാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനാൽ പിന്നീട് പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.