മലയാളം വിട്ട് തല്ക്കാലം അഭിനയിക്കുന്നില്ലെന്ന് ഫഹദ് ഫാസില്‍. താന്‍ കംഫര്‍ട്ടബിള്‍ അല്ലാത്തത് കൊണ്ടാണിതെന്നും താരം പറഞ്ഞു. ബിജോയ് നമ്പ്യാര്‍ ഒരുക്കിയ ഹിന്ദി ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു. എന്നാല്‍ മറ്റ് കമ്മിറ്റ്മെന്റുകള്‍ കാരണം അത് ഒഴിവാക്കി. ഓരോ ഭാഷയിലും അഭിനയിക്കുമ്പോള്‍ അവിടുത്തെ സംസ്ക്കാരവും ഭാഷാ രീതികളും മനസിലാക്കണം. അത് ശ്രമകരമായ പണിയാണ്. അതിന് വേണ്ടി ധാരാളം പരിശ്രമം വേണമെന്നും താരം പറഞ്ഞു. തമിഴില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത് പരീക്ഷണ അടിസ്ഥാനത്തില്‍ മാത്രമാണെന്നും താരം പറഞ്ഞു.
പലരും കഥ പറയുമ്പോള്‍ നല്ല രസമായിരിക്കും എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായ ശേഷമോ, തിരക്കഥ വായിച്ച ശേഷമോ കഥ പറഞ്ഞതിന്റെ അത്ര നന്നായിരിക്കില്ല. പല ചിത്രങ്ങളുടെയും നിലവാരം കുറയാന്‍ കാരണം അതാണ്. പുതിയ സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്. അതിന്റെ ഭാഗമായാണ് പുതുമുഖ സംവിധായകര്‍ക്കും ടെക്നീഷ്യന്മാര്ക്കും പ്രാധാന്യം നല്‍കുന്നത്. ഇയ്യോബിന്റെ പുസ്തകം പോലെ ത്രസിപ്പിക്കുന്ന കഥകള്‍ ലഭിച്ചാല്‍ ഇനിയും സിനിമ നിര്‍മിക്കും. എല്ലാവരും മികച്ച അഭിപ്രായം പറഞ്ഞ ചിത്രമാണ് ഇയ്യോബ്. അമലുമായി ഇനിയും സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
തൊണ്ടിമുതലും ദൃക്സാക്ഷിയും എല്ലാവരും നല്ല അഭിപ്രായം പറയുന്നു. അതിലെ കള്ളന്റെ വേഷം സൗബിനും സുരാജ് ചെയ്ത കഥാപാത്രം ഫഹദിനുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സൗബിന് സംവിധാനം ചെയ്യുന്ന പറവയുടെ ചിത്രീകരണ തിരക്കുള്ളതിനാല്‍ ഡേറ്റ് നല്‍കാനായില്ല. അങ്ങനെയാണ് ഫഹദ് കള്ളനായത്. അത് അനുഗ്രഹമായെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്.