മാഞ്ചസ്റ്റർ യുണൈറ്റഡിൽ സർ അലക്സ് ഫെർഗൂസണിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന റെനെ മ്യൂളൻസ്റ്റീൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ. സ്റ്റീവ് കോപ്പലിന്റെ പിൻഗാമിയായിട്ടാണ് ഈ മുൻ മാഞ്ചസ്റ്റർ യൂത്ത് ടീമിന്റെ പരിശീലകൻ കൂടിയായ മ്യൂളൻസ്റ്റീൻ ചുതലയേൽക്കുന്നത്.
ഇന്നായിരുന്നു ഐഎസ്എൽ സംഘാടകർക്ക് പരിശീലകരുടെ പേരുകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി. ഇന്നലെ വൈകിട്ട് ഏറെ വൈകിയാണ് ലണ്ടനിൽവെച്ച് മ്യൂളൻസ്റ്റീനുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാറൊപ്പിട്ടത്. ഇസ്രയേലി പ്രീമിയർ ലീഗിലെ മക്കാബി ഹൈഫയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞാണ് അദ്ദേഹം ഇന്ത്യയിലേയ്ക്ക് എത്തുന്നത്.
1990ലാണ് ഈ ഡച്ചുകാരൻ പരിശീലകന്റെ കുപ്പായം ആദ്യമണിയുന്നത്. 2001ൽ മാഞ്ചസ്റ്റർ യൂത്ത് ടീമിന്റെ ചുമതലയേറ്റ മ്യൂളിൻസ്റ്റീൻ 2007ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിന്റെ ടെക്നിക്കൽ സ്കിൽ ഡവലപ്പ്മെന്റ് കോച്ചായി സ്ഥാനമേറ്റെടുത്തു. ഫെർഗൂസണിന്റെ വിശ്വസ്തനായി ആറു വർഷത്തോളം ലീഗിൽ തുടർന്നു. ഇക്കാലയളവിൽ ചാമ്പ്യൻസ് ലീഗ് കിരീടം, ക്ലബ് ലോകകപ്പ്, പ്രീമിയർ ലീഗ് കിരീടം(മൂന്നു വട്ടം) എന്നിവ സ്വന്തമാക്കിയപ്പോൾ യുണൈറ്റഡിന്റെ പ്രധാനിയായിരുന്നു മ്യൂളൻസ്റ്റീൻ. അലക്സ് ഫെർഗൂസൺ യുണൈറ്റഡിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ മ്യൂളൻസ്റ്റീനും ഇംഗ്ലണ്ട് വിട്ടു. നാലു വർഷത്തിനു ശേഷം ഇംഗ്ലണ്ടിൽ ഫുൾഹാം ടീമിന്റെ കോച്ചായി തിരിച്ചെത്തി.
ഡേവിഡ് ബെക്കാം, റ്യാൻ ഗിഗ്സ്, ക്രിസ്റ്റിയാനോ റൊണാൾഡോ, വെയിൻ റൂണി, മൈക്കിൾ ഓവൻ, കാർലോസ് ടെവസ്, റെയോ ഫെർഡിനാഡ്, ഗാരി നെവിൽ തുടങ്ങിയ ഇതിഹാസ താരങ്ങളെ പരിശീലിപ്പിച്ചതിന്റെ പരിചയ സമ്പത്തുമായാണ് മ്യൂളൻസ്റ്റീൻ ഇന്ത്യയിലേയ്ക്ക് വരുന്നത്. മ്യൂളൻസ്റ്റീന്റെ അത്ഭുതകൾ ഇനി ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ആസ്വദിക്കാം.