വിംബിൾഡൺ ഫൈനലിൽ റോജർ ഫെഡറർ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിടും. 35കാരനായ ഫെഡറർ രണ്ടാം സെമിയിൽ ചെക്ക് താരം തോമസ് ബെർഡിയാക്കിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് അവസാന അങ്കത്തിനെത്തുന്നത്. സ്കോർ 7-6(7-4), 7-6(7-4), 6-4.
ഐതിഹാസികമായിരുന്നു സിലിച്ചിന്റെ ഫൈനലിലേയ്ക്കുള്ള വരവ്. ആൻഡി മറെയെ അട്ടിമറിച്ച് സെമിയിലെത്തിയ അമേരിക്കക്കാരൻ സാം ക്വെറിയുടെ കുതിപ്പ് അവസാനിപ്പിച്ചാണ് മാരിൻ സിലിച്ച് ആദ്യമായി വിംബിൾഡണിന്റെ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് ക്വെറിയോട് നഷ്ടപ്പെടുത്തിയ ശേഷം തുടരെ മൂന്നെണ്ണം പിടിച്ചെടുത്താണ് സിലിച്ച് കന്നി ഫൈനലിലെത്തിയത് (67, 64, 76, 75). 2001ൽ ഗൊരാൻ ഇവാനിസെവിച്ചിനുശേഷം വിംബിൾഡൺ ഫൈനലിലെത്തുന്ന ആദ്യ ക്രൊയേഷ്യക്കാരൻ കുടിയാണ് സിലിച്ച്.
2014 യുഎസ് ഓപ്പണിനുശേഷം ഈ ഇരുപത്തിയെട്ടുകാരന്റെ ആദ്യ ഗ്രാൻഡ്സ്ളാം ഫൈനലാണിത്. നൂറിലധികം എയ്സുകളെയ്ത് സെമിയിലേക്ക് കുതിച്ച കരുത്തന്മാർ തമ്മിലുള്ള ഇഞ്ചിനിഞ്ച് പോരാട്ടമായിരുന്നു സെമിയിൽ. സെൻട്രൽ കോർട്ടിൽ. പക്ഷേ തുടർച്ചയായി വമ്പൻമാരെ കീഴടക്കി വന്ന ക്വെറിക്ക് നിർണായക നിമിഷങ്ങളിൽ ആത്മവിശ്വാസം നഷ്ടമായി. സിലിച്ച് അവസരം മുതലാക്കി മുന്നേറി. ഒന്നാം സെറ്റിൽ ടൈബ്രേക്കിൽ നഷ്ടമായത് രണ്ടാം സെറ്റിൽ വേഗം സ്വന്തമാക്കി. മൂന്നാം സെറ്റും നാലാംസെറ്റും പക്ഷേ പോരാട്ടം ഒപ്പത്തിനൊപ്പം തന്നെയായി. ടൈബ്രേക്കുകളിലൂടെ തന്നെ ഇവയുടെ ഫലവും നിശ്ചയിക്കപ്പെട്ടു. ഏകാഗ്രതയോടെ അവസാന നിമിഷം വരെ പോരാട്ടംതുടർന്ന സിലിച്ച് അർഹിച്ച ജയം സ്വന്തമാകുകയും ചെയ്തു.