വി.കെ. ശശികല ജയിലില്‍ വി.ഐ.പി പരിചരണം അനുഭവിക്കുന്നു എന്ന് റിപ്പോര്‍ട്ട് നല്കിയ പോലീസ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ്. കര്‍ണാടകയിലെ മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥ ഡി. രൂപയ്ക്കാണ് നോട്ടീസ് നല്‍കിയത്.
ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശശികലക്ക് സ്വന്തമായി അടുക്കളയും രണ്ടു പരിചാരകളും ഉണ്ടെന്നും, ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി രണ്ടുകോടി രൂപ നല്‍കിയെന്നുമാണ് രൂപ കണ്ടെത്തിയത്. ഈ സംഭവത്തെക്കുറിച്ച് ജയില്‍ ഡി.ജി.പി സത്യനാരായണ റാവുവിനും അറിവുണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥ പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഈ റിപ്പോര്‍ട്ട് വാര്‍ത്താമാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നു ആരോപിച്ചാണ് വിശദീകരണം ആവശ്യപ്പെട്ടത്. അഴിമതിക്കും കൈക്കൂലികള്ക്കുമെതിരെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ മാധ്യമങ്ങളെ സമീപിക്കുന്നത് സര്‍വ്വീസ് നിയമങ്ങള്‍ക്കെതിരാണ്. ഇതിനെതിരെയാണ് നോട്ടീസ് നല്‍കിയതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൈയ്യിലെ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കാതെ ബന്ധപ്പെട്ടവര്‍ക്കാണ് നല്‍കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തന്റെ സീനിയര്‍മാരായ അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് കൂടി ഈ റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടായിരുന്നു എന്ന് രൂപ പറഞ്ഞു. താനാണ് ഇത് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി കൊടുത്തത് എന്ന് ഊഹിച്ച് നടപടി എടുക്കുന്നത് ശരിയല്ലായെന്നും ഉദ്യോഗസ്ഥ വാദിച്ചു. നല്ല ഉദ്ദേശത്തോടുകൂടിയാണ് ഈ റിപ്പോര്‍ട്ട് നല്‍കിയതെന്നും രൂപ പറഞ്ഞു.